Connect with us

Alappuzha

പ്രവാസി മലയാളിയെ പറ്റിച്ച് അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടി

Published

|

Last Updated

ആലപ്പുഴ: പ്രവാസി മലയാളിയെ പറ്റിച്ച് അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെതിരെയാണ് പ്രവാസിയും മലയാളി വ്യവസായിയുമായ മാവേലിക്കര കടുവിനാല്‍ മുറിയില്‍ കണ്ണന്‍കോമത്ത് വീട്ടില്‍ പ്രസന്നന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. സഊദിയിലെ മലയാളി സുഹൃത്തുക്കള്‍ വായ്പയായി വാങ്ങിയ 36 ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായുള്ള കേസ് നടത്തുന്നതിന് ലക്ഷങ്ങള്‍ കോടതി ഫീസായും മറ്റും വാങ്ങിയ അഭിഭാഷകന്‍, താന്‍ ഒപ്പിട്ട വക്കാലത്ത് കോടതിയില്‍ സമര്‍പ്പിക്കാതെ പറ്റിക്കുകയായിരുന്നെന്നാണ് പ്രസന്നന്റെ പരാതി. 40 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് പ്രസന്നന്‍ ആവശ്യപ്പെട്ടിട്ടുളളത്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെതിരെ ചതി, വഞ്ചന, പണാപഹരണം എന്നീ വകുപ്പുകള്‍ ചുമത്തി മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതായി പ്രസന്നന്‍ അറിയിച്ചു.18 കൊല്ലമായി വിദേശത്ത് ജോലി നോക്കിയിരുന്ന പ്രസന്നന്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന ജോലി ചെയ്തുവരികയാണ്.

റിയാദില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ അയല്‍ വാസികളായുണ്ടായിരുന്ന കുണ്ടറ മുറിയില്‍ അറപ്പുരവടക്കേതില്‍ വീട്ടില്‍ അലക്സാണ്ടര്‍ ജോര്‍ജും അയാളുടെ ഭാര്യ ബിന്‍സി അലക്സും ബന്ധുവായ തോമസ് കുട്ടിയും ചേര്‍ന്ന് 36 ലക്ഷം രൂപ വായ്പയായി വാങ്ങിയിരൂന്നു. റിയാദില്‍ ആശുപത്രി സംബന്ധമായ വ്യാപാരം ചെയ്യാനാണെന്ന് അറിയിച്ചാണ് പണം വാങ്ങിയത്. രണ്ടു മാസത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പ്രോമീസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലാണ് പണം നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ തരാന്‍ സുഹൃത്തുക്കള്‍ തയ്യാറാകാതിരുന്നതോടെയാണ് പ്രസന്നന്‍ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെ സമീപിച്ച് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പ്രസന്നന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂബിരാജ് കക്ഷികള്‍ക്കെതിരെ മാവേലിക്കര കോടതിയില്‍ മൂന്ന് കേസുകള്‍ ഫയല്‍ ചെയ്തു. ഒരു ക്രിമിനല്‍ കേസും രണ്ട് സിവില്‍ കേസുകളും. ഇതില്‍ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാനാണ് ലക്ഷങ്ങള്‍ ഫീസ് ഇനത്തില്‍ വാങ്ങിയത്. രണ്ട് സിവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2,29,000 രൂപയും മറ്റ് ക്രിമിനല്‍ കേസ് നടത്തിപ്പിനും ഫീസിനത്തിലുമായി ആകെ 3,13,200 രൂപ വാങ്ങിയിരുന്നു. സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭിക്കാനുളള തുകയുടെ നിശ്ചിത തുക കോടതിയില്‍ കെട്ടിവെക്കണമെന്നാണ്. ഇക്കാര്യം അറിയിച്ചാണ് അഭിഭാഷകന്‍ തന്റെ കൈയില്‍ നിന്നും ഇത്രയും പണം തട്ടിയതെന്ന് പ്രസന്നന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുപ്രകാരം അന്യായം എഴുതി വായിച്ച് കോടതിയില്‍ ഒടുക്കേണ്ട തുകയും രേഖപ്പെടുത്തിയ ശേഷമാണ് അന്യായത്തില്‍ ഒപ്പ് ഇടുവിച്ചത്. എന്നാല്‍ തന്നെ കൊണ്ട് ഒപ്പിടുവിച്ച പരാതിക്ക് പകരം മറ്റൊരു അന്യായം തയ്യാറാക്കി തന്റെ വ്യാജ ഒപ്പിട്ട് കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പ്രസന്നന്‍ പറഞ്ഞു. കോടതിയില്‍ പോകാതെയും കേസിന് നിശ്ചിത സമയത്ത് ഹാജരാകാതെയും വന്നപ്പോള്‍ കേസുകള്‍ എല്ലാം ഒന്നൊന്നായി പൊട്ടി.

രണ്ടു സിവില്‍ കേസുകള്‍ വാദിക്കാന്‍ വക്കീലില്ലാതെ തളളിപ്പോയി. ഇതറിഞ്ഞെത്തിയ പ്രസന്നന്‍ ക്രിമിനല്‍ കേസ് മറ്റൊരു വക്കീലിനെ ഏര്‍പ്പെടുത്തി സ്റ്റേ വാങ്ങി ഹൈകോടതിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു അഭിഭാഷകന്‍ മുഖേന തന്റെ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് താന്‍ നല്‍കിയ പണം കോടതിയില്‍ കെട്ടിയിട്ടില്ലെന്ന് മനസ്സിലായത്. കോടതിയില്‍ വെറും 13000 രൂപ മാത്രമാണ് അടച്ചിട്ടുളളതെന്നും കോടതിയില്‍ റൂബി രാജ് നല്‍കിയ മൂന്ന് കേസുകളും തന്റെ പേരില്‍ വ്യാജമായി തയ്യാറാക്കിയതാണെന്ന് മനസ്സിലായതായും പ്രസന്നന്‍ പറഞ്ഞു.
അഭിഭാഷകനെതിരെ കേരള ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടികളെന്തെങ്കിലും ആയതായി അറിയില്ലെന്നും പ്രസന്നന്‍ പറഞ്ഞു.