Connect with us

Gulf

പ്രവാസി ഭാരതീയ ദിവസത്തില്‍ പിഴക്കുന്നത് ആര്‍ക്കാണ്

Published

|

Last Updated

പതിവു പോലെ പ്രവാസി ഭാരതീയ ദിവസ് സമംഗത്തിന് ഇത്തവയും അരങ്ങൊരുങ്ങുകയാണ്. വര്‍ഷത്തില്‍ നടന്നിരുന്ന സംഗമം രണ്ടുവര്‍ഷത്തിലൊരിക്കലാക്കി മാറ്റിയിട്ടുണ്ട്. ബെംഗ്ലുരിവിലാണ് ഈ വര്‍ത്തെ ആഘോഷവും ആചരണവും. ദക്ഷിണാഫ്രിക്കന്‍ പ്രവാസത്തിനു സേഷം മഹാത്മാഗാന്ധി മടങ്ങിയെത്തിയ ജനുവരി ഒമ്പതിനെ അനുസ്മരിച്ചാണ് ഈദിവസം കൂടിയ ദിനങ്ങളില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉടമസ്ഥ പരിപാടിയുടെ എല്ലാ സാമ്പ്രദായികതകളുടെയും വൈകല്യങ്ങളുടെയും ആവര്‍ത്തനങ്ങള്‍ തന്നെയാണ് ഇത്തവണത്തെ പ്രവാസി സമ്മേളനത്തില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്നത്.
ബിസിനസ് കമ്യൂണിറ്റിയുടെയും പ്രവാസി സമൂഹത്തില്‍ വിവിധ തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവരുടെയും ഒരു വാര്‍ഷിക കൂടിച്ചേരല്‍ എന്നതിനപ്പുറത്തേക്ക് പ്രവാസി ഭാരതീയ ദിവസിന്റെ ഒട്ട്പുട്ട് എല്ലാ കാലത്തും ചര്‍ച്ചാവിഷയമാണ്. സര്‍ക്കാറിന്റെ നയരൂപവത്കരണത്തിലും പദ്ധതി പ്രഖ്യാപനങ്ങളിലും പ്രവാസി ഭാരതീയ ദിവസ് ചര്‍ച്ചകള്‍ ഗൗരവമായി സ്വാധീനം ചെലുത്തുന്നു എന്നതിനു സപ്പോര്‍ട്ടിംഗ് എവിഡന്‍സുകള്‍ കുറവാണ്. സ്വാഭാവിക സ്വാധീനം എന്നു മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. പ്രവാസി ഭാരതീയ ദിവസിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒരു പ്രമാണമായി ഗണിച്ചു പോരുകയോ അടുത്ത വര്‍ഷം അവയുടെ അവലോകനം നടത്തുന്ന സ്വഭാവമോ ഇല്ല.
അതേസമയം, വ്യവാസായ, നിക്ഷേപാവസര സമ്മേളനമെന്ന ഒരു അപഖ്യാതി പ്രവാസി ഭാരതീയ ദിവസനുണ്ട്. അത് സാധൂകരിക്കുന്ന രീതിയിലാണ് ദിവസിന്റെ ഉള്ളടക്കവും ഭൂരിഭാഗം ചര്‍ച്ചകളും. അത് ഒരു അനാവശ്യമെന്നല്ല, പക്ഷേ അതോടൊപ്പം പരിഗണിക്കപ്പെടേണ്ട പ്രവാസികളായ സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകളും അതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും സര്‍ക്കാറുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ, സ്വകാര്യ വിമാനക്കമ്പനികള്‍, വിദേശകാര്യ പ്രവാസി വകുപ്പുകള്‍, എംബസികള്‍, കോണ്‍സുലേറ്റുകള്‍, പോലീസ്, റവന്യൂ, രജിസ്്‌ട്രേഷന്‍, തദ്ദേശം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങി പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ഇടപെടേണ്ടി വരികയും പ്രവാസികള്‍ക്ക് ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന സ്ഥാപനങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമാത്ര പ്രസക്ത ചര്‍ച്ചകള്‍ക്കോ ആശയനിര്‍മാണങ്ങള്‍ക്കോ പ്രവാസി ഭാരതീയ ദിവസില്‍ അവസരമില്ല.
പ്രവാസത്തിന്റെ ആദികാലം മുതല്‍ കേട്ടു തുടങ്ങിയ കുറച്ച് സര്‍വസാധാരണമായ പദാവലികള്‍ അഥവാ വിമാനയാത്രാ നിരക്ക്, പുനരധിവാസം, ബ്ലൂകോളര്‍ വര്‍ക്കേഴ്‌സ്, വീട്ടു ജോലിക്കാര്‍, ജയിലില്‍ കഴിയുന്നവര്‍, എംബസികള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിനിധികളായി എത്തുന്നവര്‍ നല്‍കുന്ന ചില നിവേദനങ്ങള്‍, അഞ്ചു മിനിറ്റ് പ്രദര്‍ശനാവതരണങ്ങള്‍ എന്നിവയിലൊതുങ്ങുന്നു ചടങ്ങ്. പ്രവാസി ഭാരതീയി ദിവസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിമാര്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതതു സംസ്ഥാനത്തെ നിക്ഷേപാവസരങ്ങള്‍ അവതരിപ്പിക്കുന്നതിലാണ്.
വിദേശ രാജ്യങ്ങളില്‍നിന്ന് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനായി പോകുന്നവരെക്കുറിച്ചും വിമര്‍ശമുയരാറുണ്ട്. എലൈറ്റ് ക്ലാസ്, കോട്ടിട്ടവരുടെ എക്‌സിബിഷന്‍ തുടങ്ങിയ നിരൂപണങ്ങള്‍. പ്രദര്‍ശന പരതയുടെ പ്രാഞ്ചി സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവര്‍ ചിലരെങ്കിലുമുണ്ടെങ്കിലും എല്ലാവരും മേല്‍ വിമര്‍ശത്തിനു വിധേയമാക്കപ്പെടേണ്ടവരല്ല. സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴു പ്രവാസി സമൂഹത്തിന്റെ, വിശിഷ്യാ സാധാരണക്കാരുടെ ജീവിതത്തെ അറിയുകയും അതിനു വേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും സമയമം ചെലവിടുകയും ചെയ്യുന്ന നിരവധി പേരുണ്ട്.
വിവിധ കമ്യൂണിറ്റികളുടെ നേതൃസ്ഥാനത്തിരുന്നും സഹകാരികളായും നിസ്വാര്‍ഥ സേവനം ചെയ്യുന്നവര്‍ നിരവധിയുണ്ട്. ഗള്‍ഫ്, പ്രവാസ ഭൂമികയിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ രസതന്ത്രത്തില്‍ തന്നെ അത് അല്‍പം ജീവിത സൗകര്യങ്ങളും സമയവുമുള്ളവര്‍ക്കേ സാധ്യമാകൂ എന്ന സ്ഥിതിയുണ്ട്. അപ്പോള്‍ ഈ ആക്ഷേപങ്ങള്‍ ആക്ഷേപങ്ങള്‍ മാത്രമായി ഒതുക്കു വെക്കേണ്ടി വരും. ഉള്ള സമയവും ധനവും ചെലവിട്ട് ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുന്നവര്‍ക്ക് അല്‍പം പ്രചാരം കിട്ടുന്നതിലോ ദൃശ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിലോ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിനു പകരമായി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താമോ എന്ന ആലോചനയിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.
ഇവിടെ പ്രശ്‌നം, പ്രവാസി ഭാരതീയ ദിവസിന്റെ ഉള്ളടക്കത്തിലാണ്. സംഘാടകരായ സര്‍ക്കാര്‍ വകുപ്പ് നിശ്ചയിക്കുന്ന അജണ്ടകള്‍ക്കനുസരിച്ചാണ് അവിടെ കാര്യപരിപാടികള്‍ ക്രമീകരിക്കപ്പെടുക. സംസാരങ്ങളും സംവാദങ്ങളും നടക്കുക. മന്ത്രിമാരും ഉദ്യോഗപ്രമുഖരും പ്രസ്താവനകള്‍ നടത്തുക. ഉള്ളടക്കത്തിലാണ് മാറ്റം വരേണ്ടത്. പ്രവാസികളെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പലരില്‍നിന്നായി അഭിപ്രായങ്ങള്‍ സ്വരൂപിച്ച് എഴുതിത്തയാറാക്കിയ നോട്ടും കൈവശം വെച്ചാണ് അവിടെ ചെല്ലുന്നത്. എന്നാല്‍ അവ അവതരിപ്പിക്കാനോ വിവിധ രാജ്യങ്ങളില്‍ നിന്നു വരുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ഒരു നയമോ നിലപാടോ പ്രഖ്യാപിക്കനോ ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്താനോ സര്‍ക്കാറില്‍ ആശയമില്ലെന്നതാണ് പ്രവാസി ഭാരതീയ ദിവസിന്റെ ദുര്യോഗം. അതുകൊണ്ട് ഇതൊരു ആണ്ടുത്സവമായി നടക്കും. എങ്കില്‍ പോലും പ്രവാസി ഭാരതീയ ദിവസെന്ന പരിപാടിയില്‍ ലോക ഭാരത പ്രവാസത്തിന് സംഗമിക്കാന്‍ അവസരം സൃഷ്ടിക്കപ്പെടുന്നതില്‍ അല്‍പാശ്വാസം പുലര്‍ത്തുക തന്നെയാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ നിക്ഷേപ സമാഹരണത്തിനു ശ്രമിക്കുന്നതും ആത്യന്തികമായി നമ്മുടെ നാടിന്റെ പുരോഗതിയിലേക്കു നയിക്കുന്ന പ്രവര്‍ത്തനമായി കരുതാം.
അതിനിടെ പ്രവാസി ഭാരതീയ ദിവസില്‍ പോയ വര്‍ഷങ്ങളില്‍ നടന്നിരുന്ന പ്രത്യേക ഗള്‍ഫ് സംഗമം ഈ വര്‍ഷം വേണ്ടെന്നു വെച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരില്‍ കൂടുതല്‍ പേര്‍ പ്രതിനിധീകരിക്കുന്ന സമൂഹം എന്ന നിലയിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാംസ്‌കാരികമായിപ്പോലും പരിവര്‍ത്തിപ്പിച്ചതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തവര്‍ എന്ന നിലയില്‍ പ്രവാസി ഇന്ത്യന്‍ ചരിത്രത്തില്‍ ഗള്‍ഫിനുള്ള സ്വാധീനത്തെ പരിഗണിച്ച് ഈയൊരു സെഗ്മെന്റ് ഡിലീറ്റ് ചെയ്യപ്പെടേണ്ടതായിരുന്നില്ല.

Latest