Connect with us

National

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍; ഡ്രൈവിംഗ് ടെ്‌സറ്റ് ഫീസ് ഇരട്ടിയായി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ 22ാമത് ഭേദഗതി നിലവില്‍ വന്നു. ഇതോടെ ഡ്രൈവിംഗ് ലൈസന്‍സിനും ഡ്രൈവിംഗ് ടെസ്റ്റിനും ഫിറ്റ്‌നസ് ടെസ്റ്റിനുമുള്ള ഫീസ് ഇരട്ടിയായി ഉയര്‍ന്നു. ഡ്രൈവിംഗ് ടെസ്റ്റിന് നിലവില്‍ 250 രൂപയുള്ളത് 500 രൂപയായി വര്‍ധിച്ചു. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പിന്നീടുള്ള ഓരോ ടെസ്റ്റിനും 300 രൂപകൂടി അധികം നല്‍കേണ്ടിവരും. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഇത് സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് ഇതില്‍ എതിര്‍ അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിനുള്ള ഫീസ് 500 രൂപയില്‍ നിന്ന് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റൊരു ക്ലാസ് വാഹനം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നിരക്ക് 50 രൂപയില്‍ നിന്ന് 100 രൂപയായി മാറി. അതേസമയം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള ചാര്‍ജ് 200 രൂപയായി തുടരും. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ പിന്നീട് പുതുക്കുന്നതിനുള്ള ചാര്‍ജ് 150ല്‍ നിന്ന് 300 രൂപയായി വര്‍ധിച്ചിട്ടുണ്ട്.

വിവിധ കാറ്റഗറിയില്‍ പെട്ട വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് 60 രൂപയില്‍ നിന്ന് 200 രൂപയായും 200 രൂപയുള്ളത് 400 രൂപയായും 500 രൂപയുള്ളത് 600 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

1989ന് ശേഷം ഇതാദ്യമായാണ് ഫീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതാണ് ഇരട്ടിയോളം വര്‍ധന വരുത്താന്‍ കാരണമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.

Latest