Connect with us

International

സിറിയയിലെ റഷ്യന്‍ സൈനിക സാന്നിധ്യം കുറക്കുന്ന നടപടികള്‍ തുടങ്ങി

Published

|

Last Updated

മോസ്‌കോ: സിറിയയിലെ സൈനിക സാന്നിധ്യം കുറക്കുന്ന നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ സൈനിക വൃത്തങ്ങള്‍. ഇതിന്റെ ഭാഗമായി റഷ്യയുടെ ഏക വിമാനവാഹിനി കപ്പല്‍ ആദ്യമായി സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്‍വലിക്കും. കഴിഞ്ഞ ഡിസംബര്‍ 29ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ സിറിയയിലെ റഷ്യന്‍ സൈനിക സാന്നിധ്യം കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ സര്‍ക്കാറും വിമതരും വെടിനിര്‍ത്തല്‍ കരാറിലെത്തിയ സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വന്നതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറഞ്ഞുവന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റഷ്യന്‍ സായുധ സൈന്യത്തിന്റെ കമാന്‍ഡര്‍ വഌദിമിര്‍ പുടിന്റെ ഉത്തരവ് പ്രകാരം പ്രതിരോധ മന്ത്രാലയം സിറിയയില്‍ നിന്ന് സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്ന നടപടികള്‍ തുടങ്ങിവെച്ചതായി സൈനിക മേധാവി വലേറി ഗെറാസിമോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച റഷ്യന്‍ മേധാവിയുടെ അറിയിപ്പുണ്ടായതെന്നും വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യയുടെ വിമാനവാഹിനി കപ്പലായ അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ് സംഘര്‍ഷ മേഖലയില്‍ നിന്ന് ഉടന്‍ പുറത്തുപോകും. എന്നാല്‍ റഷ്യക്കിപ്പോഴും സിറിയയില്‍ മതിയായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെന്നും യുദ്ധം കലുഷിതമാക്കിയ മേഖലയില്‍ മുന്നൂറോ നാനൂറോ വരുന്ന സംവിധാനങ്ങള്‍ ഇപ്പോഴും വിന്യസിച്ചിട്ടുണ്ടെന്നും റഷ്യന്‍ സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ സിറിയയില്‍ നിന്ന് തങ്ങളുടെ പകുതിയോളം സൈനികരെ പിന്‍വലിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് ശേഷവും സംഘര്‍ഷം ശക്തമായതോടെ ഈ തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് റഷ്യ പിറകോട്ട് പോകുകയായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദിനെ പിന്തുണച്ച് 2015ലാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തുന്നത്. സിറിയയിലെ സുപ്രധാന നഗരമായ അലപ്പൊയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു റഷ്യയുടെ സഹായം സിറിയന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. എന്നാല്‍, റഷ്യ നടത്തിയ വിവിധ ബോംബാക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest