Connect with us

Gulf

ഒമാനിൽ ഫാമിലി വിസക്ക് 600 റിയാൽ വേതനം വേണമെന്ന നിയമം തുടരും

Published

|

Last Updated

മസ്‌കത്ത്: കുടുംബത്തെ കൂടെ നിർത്താൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി നിയന്ത്രണത്തിൽ ഇളവില്ലെന്ന് റോയൽ ഒമാൻ പോലീസിന്റെ മറുപടി. 600 റിയാൽ ചുരുങ്ങിയ വേതനമുള്ളവർക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുകയെന്നും നിയമത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും മജ്‌ലിസ് ശൂറയുടെ ചേദ്യത്തിന് ആർ ഒ പി മറുപടി നൽകി. നിയമം നിലനിൽക്കുമെന്ന് മജ്‌ലിസ് ശൂറ അംഗം താരിഖ് അൽ ജുനൈബി പറഞ്ഞു.
ഫാമിലി വിസ സ്റ്റാറ്റസിന് ചുരുങ്ങിയ വേതനം 600 റിയാലാക്കി മൂന്ന് വർഷം മുമ്പാണ് റോയൽ ഒമാൻ പോലീസ് ഉത്തരവിറക്കിയത്. ഇത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കി. ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യുന്നവർ വരെ കുടുംബത്തെ കൊണ്ടുവരുന്ന സാഹചര്യം ഇല്ലാതായതോടെ കുടുംബത്തോടൊപ്പം ഒമാനിൽ ജീവിതമെന്നത് പ്രവാസികൾക്ക് മുമ്പിൽ പ്രതിസന്ധിയായി മാറി. നിയമത്തിൽ അയവ് വരുത്തണമെന്നും ശമ്പള പരിധി കുറക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടെ 600 റിയാലിൽ നിന്ന് 300 റിയാലായി കുറയുന്നതായി കിംവദന്തികളും പ്രചരിച്ചു.
പൊതു സമൂഹത്തിലെയും സാമൂഹിക മാധ്യമങ്ങളിലെയും ഇത് സംബന്ധമായ ചർച്ചകൾ തുടരുന്നതിനിടെയാണ് നിയമ മാറ്റത്തിന്റെ സാധ്യത സംബന്ധിച്ച് റോയൽ ഒമാൻ പോലീസിനോട് മജ്‌ലിസ് ശൂറ വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ടത്. എന്നാൽ, മന്ത്രിസഭാ കൗൺസിൽ നിയമിച്ച സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫാമിലി വിസക്ക് ചുരുങ്ങിയ വേതനം 600 റിയാലാക്കിയതെന്നും ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും ആർ ഒ പി മറുപടി നൽകി.
ശമ്പള പരിധി കുറക്കുന്നത് കൂടുതൽ വിദേശി കുടുംബങ്ങൾ രാജ്യത്ത് എത്തുകുയും വിദേശികൾ പണം ഇവിടെ തന്നെ ചെലവഴിക്കുന്നതിന് കാരണമാകുമെന്നും മജ്‌ലിസ് ശൂറയിൽ അഭിപ്രായം ഉയർന്നിരുന്നു. അവരവരുടെ രാജ്യത്തേക്ക് വിദേശികൾ പണം അയക്കുന്നത് കുറയുമെന്നും വിലയിരുത്തലുണ്ടായിരുന്നു. 1,747,097 വിദേശികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം ആദ്യ ആറ് മാസത്തിനിടെ വിദേശികൾ നാട്ടിലേക്ക് അയച്ച തുക 2.13 ശതകോടി റിയാലാണ്. വിദേശികൾ രാജ്യത്തേക്ക് കയറ്റി അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിരുന്നു. വിദേശികൾ അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കാൻ മജ്‌ലിസ് ശുറ 2014 തീരുമാനിച്ചിരുന്നെങ്കിലും സ്റ്റേറ്റ് കൗൺസിൽ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

Latest