Connect with us

Business

സൂചികക്ക് മികവിന്റെ രണ്ടാം വാരം

Published

|

Last Updated

വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികള്‍ വിറ്റഴിക്കാന്‍ ഉത്സാഹിച്ചതിനിടയില്‍ ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ വാങ്ങലുകാരായി രംഗത്ത് ഇറങ്ങി. ബി എസ് ഇ, എന്‍ എസ് ല്‍ സൂചിക തുടര്‍ച്ചയായ രണ്ടാം വാരവും മികവ് നിലനിര്‍ത്തി. ബോംബെ സൂചിക 132 പോയിന്റും നിഫ്റ്റി 58 പോയിന്റും കഴിഞ്ഞ വാരം വര്‍ധിച്ചു.
മുന്‍ നിരയിലെ 30 ഓഹരികളില്‍ 22 എണ്ണത്തിന്റെ നിരക്ക് ഉയര്‍ന്നപ്പോള്‍ എട്ട് ഓഹരികള്‍ക്ക് തിരിച്ചടിനേരിട്ടു. ടാറ്റാ സ്റ്റീല്‍ ഓഹരി വില 7.31 ശതമാനം വര്‍ധിച്ചപ്പോള്‍ അദാനി പോര്‍ട്ട് ഓഹരി ആറ് ശതമാനത്തില്‍ അധികവും നേട്ടത്തിലാണ്. ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്സ്, മാരുതി തുടങ്ങിയവ അഞ്ച് ശതമാനം മുന്നേറി. എയര്‍ടെല്‍, എല്‍ ആന്റ റ്റി, ഡോ: റെഡീസ്, ഏഷ്യന്‍ പെയിന്റ് എന്നിവയും കരുത്തു കാണിച്ചു. മുന്‍ നിര ഓഹരിയായ ഇന്‍ഫോസീസ്, റ്റി സി എസ്, എസ് ബി ഐ, എച്ച് ഡി എഫ് സി തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു.
ബോംബെ സൂചിക 26,460 ല്‍ നിന്ന് 27,008 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 26,759 പോയിന്റിലാണ്. ഈ വാരം സൂചികക്ക് 27,024-27,290 ല്‍ തടസം നേരിടാം. വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ സൂചികക്ക് 26,496-26,194 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി വാരാരംഭത്തിലെ 8138 ല്‍ നിന്ന് 8304 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും വാരാന്ത്യം നിഫ്റ്റിക്ക് ഉയര്‍ന്ന നിലവാരത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ 8243 ലേക്ക് ഇടിഞ്ഞു.
ബി എസ് ഇ യില്‍ പിന്നിട്ടവാരം 14,123 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 84,147 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുന്‍വാരം ഇത് 11,869 കോടിയും എന്‍ എസ് ഇ യില്‍ 77,385 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ കഴിഞ്ഞവാരം 1880 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ജി ഡി പി വളര്‍ച്ചയെ കുറിച്ച് വാരാന്ത്യം പുറത്തു വന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് വിപണിയെ ബാധിക്കാം. 2016-17 ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. 2015-16 ല്‍ ഇത് 7.6 ശതമാനമായിരുന്നു. കോര്‍പ്പറേറ്റ് മേഖല മുന്നാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന ഫലം ഈ വാരം പുറത്തുവിടും.
അമേരിക്കന്‍ ഓഹരി വിപണി മികവിലാണ്. ഡൗ ജോണ്‍സ് സൂചിക 19,999 പോയിന്റ് വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. നാസ്ഡാകും റെക്കോര്‍ഡിലാണ്. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1150 ഡോളറില്‍ നിന്ന് 1173 ഡോളറായി. ക്രൂഡ് ഓയില്‍ ബാരലിന് 53 ഡോളറിലാണ്.

---- facebook comment plugin here -----

Latest