Connect with us

Kerala

നെഹ്‌റു കോളജിലെ ആത്മഹത്യ: സാങ്കേതിക സര്‍വകലാശാല നേരിട്ട് അന്വേഷിക്കും

Published

|

Last Updated

തൃശൂര്‍: നെഹ്‌റു കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സര്‍വകലാശാല നേരിട്ട് അന്വേഷിക്കും. അന്വേഷണം നടത്തുന്നതിനായി സാങ്കേതിക സര്‍വകലാശാല അധികൃതര്‍ നാളെ കോളജിലെത്തും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സര്‍വകലാശാല അധികൃതര്‍ കോളജിലെത്തുന്നത്.

ജിഷ്ണുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നെഹ്‌റു കോളജ് അധികൃതരുടെ വിശദീകരണം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ പാമ്പാടി നെഹ്‌റു സ്വാശ്രയ കോളജിലെ വിദ്യാര്‍ഥിയായ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണോയിയാണ് ജീവനൊടുക്കിയത്. കോപ്പിയടി ആരോപിച്ചുള്ള കോളജ് അധികൃതരുടെ പീഡനം കാരണം ജിഷ്ണു ജീവനൊടുക്കിയതാണെന്നാണ് ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ, കെഎസ് യു, എംഎസ്എഫ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും കോളജിന്റെ ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.