Connect with us

Articles

പുഞ്ചിരിക്കാം

Published

|

Last Updated

മാസങ്ങള്‍ പ്രായമാകുമ്പോള്‍ തന്നെ മനുഷ്യന്‍ ചിരിച്ചു തുടങ്ങുന്നു. ചിന്തിക്കാനും ചിന്തിച്ചു ചിരിക്കാനുമുള്ള സിദ്ധിയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ഒന്ന്. നമുക്ക് ഏറെ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ നിര്‍വഹിക്കാനാവുന്നതാണ് പുഞ്ചിരി. നമ്മുടെ കണ്ണുകളിലും ചുണ്ടിലും ഒരു ചെറിയ മാറ്റം വരുത്തുന്നതിലൂടെ നിര്‍വഹിക്കാവുന്ന വലിയ കര്‍മം.

എന്നിട്ടും നാം ചിരിക്കുവാന്‍ മറന്നു പോകുന്നു. ഈ മറവിക്ക് ഓര്‍മയുടെ തലോടല്‍ നല്‍കുവാനാണീ ചിരി ദിനം. നമുക്കിന്നെവിടെയാണ് പുഞ്ചിരിക്കാന്‍ നേരം? മരണപ്പാച്ചിലില്‍ ഒന്ന് പുഞ്ചിരിക്കാന്‍ പോലും നാം സമയം കണ്ടെത്തുന്നില്ല എന്നത് ലജ്ജാകരം തന്നെ.
സമ്മര്‍ദങ്ങളുടെ അതിപ്രസരത്തില്‍ വീര്‍പ്പുമുട്ടുന്ന ആധുനികനെങ്ങനെ ചിരിക്കാന്‍ കഴിയും? സ്വാഭാവിക ചിരിയും പുഞ്ചിരിയുമൊക്കെ കാലം എവിടെയോ ഒളിപ്പിച്ചിരിക്കുന്നു. ഉള്ളുതുറന്ന പുഞ്ചിരിയും നൈര്‍മല്യമുള്ള മന്ദഹാസവുമൊക്കെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക മുതലാളിത്തത്തിന്റെ കച്ചവടക്കണ്ണുള്ള പുഞ്ചിരികള്‍ വഞ്ചനയുടെ പുതിയ ഭൂപടങ്ങള്‍ വരയ്ക്കുന്നു. മനസ്സും ശരീരവും മുതലാളിത്തത്തിന് തീറെഴുതിക്കൊടുത്ത ന്യൂജന്‍ മനുഷ്യന് ചിരി വിടരാത്തതില്‍ സന്ദേഹമൊന്നുമില്ല.
മന്ദഹാസം മനുഷ്യന്‍ എന്ന സാമൂഹിക ജീവിക്ക് കൂടിയേ തീരൂ. പുഞ്ചിരി ഒരു ദിവ്യ ഔഷധമാണ്. ആത്യന്തികമായി അത് മനുഷ്യനെ ഉന്മേഷവാനാക്കും.
മടിയും അലസതയും മനഃപ്രയാസങ്ങളും അകറ്റാന്‍ പുഞ്ചിരിക്കുന്നതിലൂടെ സാധിക്കുന്നു. അത് മൂലം മുഖകാന്തിയും ഓജസ്സും വര്‍ധിക്കുന്നു. നന്നായി പുഞ്ചിരിക്കുന്നവര്‍ നല്ല മുഖപ്രസന്നതയുടെ ഉടമകളായിരിക്കും. നമ്മുടെ നാഡീവ്യവസ്ഥയേയും പ്രതിരോധ വ്യൂഹത്തേയും ബന്ധിപ്പിക്കുന്നതാണ് ചിരി.

മനുഷ്യന്‍ സാമൂഹിക ജീവിയാണല്ലോ. സാമൂഹിക ജീവിതത്തില്‍ മുഖപ്രസന്നതക്കും പുഞ്ചിരിക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ സാമൂഹിക ഇടപെടലുകളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകമാണ് അയാളുടെ സ്വഭാവം. പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുക എന്നുള്ളത് ഉത്തമ സ്വഭാവമാണ്.
വളരെ നിസ്സാരമെന്നു തോന്നുന്ന ഈ പുഞ്ചിരിയെപ്പറ്റി പോലും പ്രവാചകന്റെ അധ്യാപനങ്ങള്‍ ഏറെയുണ്ട്. പ്രസന്നവദനനായിരുന്ന പ്രവാചകന്റെ പുഞ്ചിരി ആനന്ദദായകമായിരുന്നു. പ്രവാചകന്റെ വിനയപൂര്‍ണമായ സ്വഭാവത്തെ കുറിച്ചും വശ്യമായ പുഞ്ചിരിയെക്കുറിച്ചും അനുചരന്‍മാരുടെ വിവരണങ്ങള്‍ കാണാം. അബ്ദുല്ല ഇബ്‌നു ഹാരിസ്(റ) പറയുന്നു: നബി(സ) ചിരിക്കുന്നത് പോലെ പുഞ്ചിരിച്ചു കൊണ്ടല്ലാതെ ഞാനൊരാളെയും കടന്നു പോയിട്ടില്ല. സഹോദരനെ നോക്കി പുഞ്ചിരിക്കുന്നത് ദാനമാണെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്”(തിര്‍മിദി).
ജരീര്‍ ഇബ്‌നു അബ്ദുല്ല (റ)പറയുന്നു: “ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം നബിയെ കാണാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്ക് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ അവിടുന്ന് എന്നെ നോക്കിയിട്ടില്ല” (മുസ്‌ലിം). പ്രവാചകന്റെ കൂടെ സഹവസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു അനുചരന്റെ മറുപടി ഇങ്ങനെയായിരുന്നു: “അതെ, ധാരാളം തവണ. അവിടുന്ന് പ്രഭാത നിസ്‌കാരം കഴിഞ്ഞ ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ നിസ്‌കരിച്ചിടത്തുതന്നെ ഇരിക്കും. സൂര്യനുദിച്ചാല്‍ എഴുന്നേല്‍ക്കുകയും സ്വഹാബികളുമായി സംസാരിക്കുകയും ചെയ്യും. പ്രവാചകന്റെ സംസാരം കേട്ട് സ്വഹാബികള്‍ ചിരിക്കുമ്പോള്‍ പ്രവാചകന്‍ നൈര്‍മല്യത്തോടു കൂടി പുഞ്ചിരിക്കും”. (മുസ്‌ലിം).
സത്‌സ്വഭാവത്തിലും വിനയത്തിലും പ്രവാചകനെ കവച്ചു വെക്കാന്‍ ഒരാളുമില്ല. പ്രവാചക പത്‌നി ആയിശ (റ) പറഞ്ഞത് പ്രവാചകന്റെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു എന്നാണല്ലോ. അഥവാ ഖുര്‍ആനിക അധ്യാപനങ്ങളെ മുറുകെ പിടിച്ച ജീവിതമായിരുന്നു അവിടുത്തേത്. പ്രവാചകന്റെ ജീവിതവും വ്യക്തിത്വവുമാണ് നാം നമ്മുടെ ജീവിതത്തിന് മാതൃകയാക്കേണ്ടത്. പ്രവാചകന്റെ കൂടെ പത്ത് വര്‍ഷം ജീവിച്ച ഒരു അനുചരന്‍ പറയുന്നു: “പ്രവാചകന്റെ കൂടെയുള്ള എന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും പരുഷമായ ഒരു വാക്കു പോലും എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ പോലും പ്രവാചകന്‍ ദേഷ്യപ്പെട്ട് പെരുമാറുന്നതും ഞാന്‍ കണ്ടിട്ടില്ല. വളരെ സൗമ്യമായി മാത്രം സംസാരിക്കുന്ന പ്രവാചകന്‍ അങ്ങേയറ്റം വിനയാന്വിതനായിരുന്നു”.
നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന ചില ചെറിയ കാര്യങ്ങള്‍ക്ക് പോലും ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കാന്‍ സാധിക്കും. നബി(സ) പുഞ്ചിരിയിലൂടെ തന്റെ അനുചരന്‍മാരെ മാത്രമല്ല, അവിശ്വാസികളെ പോലും ആകര്‍ഷിച്ചുവെങ്കില്‍ പുഞ്ചിരിയിലൂടെ സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ നമുക്കുമാകും. പുഞ്ചിരി കൊണ്ട് സൗഹൃദത്തിന്റെ പുതിയ ലോകങ്ങള്‍ പണിയാന്‍ കഴിയും. സന്തോഷം പരസ്പരം പങ്കുവെക്കുന്നതിന്റെ സാമ്പ്രദായിക രീതിയെന്നതിലപ്പുറം സൗഹൃദത്തിന്റെയും ഉന്നതമായ സംസ്‌കാരത്തിന്റെയും കൂടി ചിഹ്നമാണ് പുഞ്ചിരി.
ആരെ കണ്ടുമുട്ടിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സലാം പറയുന്നത് പ്രവാചക ചര്യയായിരുന്നു. പ്രവാചക ജീവിതത്തില്‍ നിന്ന് ഇവയെല്ലാം നുകര്‍ന്നെടുക്കുവാന്‍ കഴിയണം. നബിയുടേത് പൊട്ടിച്ചിരികളും അട്ടഹാസങ്ങളുമായിരുന്നില്ല. പ്രവാചകന്‍ കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം തമാശകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതു വെറും നര്‍മം മാത്രമായിരുന്നില്ല. ചിന്തോദ്ദീപകവും ധാര്‍മിക മര്യാദകള്‍ പാലിക്കുന്നതുമായിരുന്നു. അസഭ്യങ്ങളും കളവുകളും കുത്തിനിറച്ചു സമയം കൊല്ലുന്ന തമാശകള്‍ തിരുദൂതര്‍ വിലക്കിയിരുന്നു. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളങ്ങള്‍ പറയുന്നവന് നാശമുണ്ടെന്നാണ് അവിടുന്ന് പഠിപ്പിച്ചത്.

അധിക പുഞ്ചിരികളും മറ്റൊരു പുഞ്ചിരിയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഒരാളോട് നാം പുഞ്ചിരിക്കുമ്പോള്‍ വലിയൊരു പോസിറ്റീവ് ഊര്‍ജത്തെയാണ് അയാളിലേക്ക് നമ്മള്‍ കൈമാറുന്നത്. “ലോകത്ത് നൂറുകണക്കിന് ഭാഷകള്‍ ഉണ്ടാകാം. എന്നാല്‍ ഒരു പുഞ്ചിരി അവയൊക്കെയും ഉള്‍ക്കൊള്ളുന്നു” അകം നിറഞ്ഞൊന്നു പുഞ്ചിരിക്കൂ…. മനസ്സു നിറയെ സന്തോഷിക്കൂ.

 

Latest