Connect with us

Kerala

നഞ്ചന്‍കോട്- വയനാട്, നിലമ്പൂര്‍ റെയില്‍ പാത സാധ്യമാകും

Published

|

Last Updated

റെയില്‍ പാതനിര്‍മാണവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇ ശ്രീധരന്‍ സംസാരിക്കുന്നു

കല്‍പ്പറ്റ: നഞ്ചന്‍കോട്- വയനാട് നിലമ്പൂര്‍ റെയില്‍പ്പാത സാധ്യമാകുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. സിവില്‍ സ്‌റ്റേഷനിലെ ആസൂത്രണ ഭവനില്‍ റെയില്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പാതയുടെ നിര്‍മാണ ചെലവ് കൂടുതലാണെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലൈന്‍മെന്റില്‍ പാതയുടെ നീളം 236 കിലോമീറ്ററില്‍ നിന്ന് 162 കിലോമീറ്ററായി കുറക്കാന്‍ കഴിയും. സര്‍വെ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍തന്നെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വെ പൂര്‍ത്തിയാക്കാനാകും. പാതയുടെ നിര്‍മാണം കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്ന് പ്രാഥമിക പാരിസ്ഥിതിക പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ നിര്‍മാണചെലവ് അന്തിമ സര്‍വെക്ക് ശേഷമേ കൃത്യമായി കണക്കാക്കാനാകൂ. പാതയുടെ നിര്‍മാണം പ്രത്യേകം കമ്പനി രൂപവത്കരിച്ചാകും നടത്തുക. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 5,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട.് ഇതില്‍ 2,500 കോടി രൂപ പൊതു കടമെടുപ്പിലൂടെയും 2,500 കോടി കേരള കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുകളും റെയില്‍വേയും കൂടി മുതല്‍ മുടക്കിയാല്‍ മതിയാകും.

162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 22 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് പാതയായിരിക്കും. കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണ് സംരക്ഷിത വനത്തിലൂടെ പാത കടന്ന് പോകുന്നത്. 10 കിലോമീറ്റര്‍ സമതലവും 55 കിലോമീറ്റര്‍ മലയോര മേഖലയുമാണുള്ളത്. സമതല പ്രദേശം 85 കിലോമീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും കര്‍ണാകടത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളാണ്. കൂടാതെ, അധികം തരിശ് പ്രദേശങ്ങളുമാണ്. പാത സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നതിന്റെ ദൈര്‍ഘ്യമനുസരിച്ച് മൂലധന നിക്ഷേപാനുപാതം നിശ്ചയിച്ചാല്‍ കര്‍ണാടകം 40 ശതമാനവും കേരളം 60 ശതമാനവും വഹിച്ചാല്‍ മതിയാകും. ഈ അനുപാതത്തിലാണെങ്കില്‍ കേരളം 800 കോടി രൂപ മുതല്‍ മുടക്കിയാല്‍ മതിയാകും.
സര്‍വെ പൂര്‍ത്തിയാക്കിയാല്‍ അഞ്ച് കൊല്ലംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകും. സര്‍വെ ആരംഭിക്കുന്നതിന് മുമ്പായി രണ്ട് സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിവരമറിയിക്കേണ്ടതുണ്ട.

റെയില്‍വേയും സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, പി വി അന്‍വര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പ്തരസമ്മേളനത്തില്‍ പങ്കെടുത്തു.