Connect with us

Wayanad

വാഹന പരിശോധനക്കിടെ മദ്യപസംഘം പോലീസിനെ മര്‍ദിച്ചു. മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മാനന്തവാടി: വാഹന പരിശോധനക്കിടെ കാറിലെത്തിയ മദ്യപസംഘം പോലീസിനെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു.സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.നിരവില്‍പ്പുഴ കുറ്റിയാടി റോഡില്‍ വാളാംതോട് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പാലക്കല്‍ നിസാബിനാണ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ മര്‍ദ്ദനമേറ്റത്. കുറ്റിയാടി ചേരാപുരത്തുള്ള അഞ്ചംഗ മദ്യപസംഘമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിക്കുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

കുറ്റിയാടി ചേരാപുരം സ്വദേശികളായ അന്തിക്കാട്ട് സിറാജ്(30), പടിക്കല്‍ കരീം(57), പടിക്കല്‍ മീത്തല്‍ പി എം സത്യന്‍ (50), മലയില്‍ സുരേഷ് (49) എന്നിവര്‍ക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്തു. കാറില്‍ ഉണ്ടായിരുന്ന സിറാജും അഞ്ചാമനായ ചെറുപാറാല്‍ സുരേഷ് (34) ഉം ഓടി രക്ഷപ്പെട്ടു.ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 എസ് 187 ആള്‍ട്ടോ കാറും, പ്രതികളായ കരീം, സത്യന്‍,മലയില്‍ സുരേഷ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൈകാട്ടി നിര്‍ത്തിയ ശേഷം െ്രെഡവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയില്‍ കാറിന്റെ പിന്‍ സീറ്റില്‍ മദ്യലഹരിയിലുണ്ടായിരുന്നവര്‍ പോലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റമാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം എസ് ഐ അടക്കമുള്ള പോലീസുകാര്‍ അല്‍പം ദൂരെ ആയിരുന്നു.

മര്‍ദ്ദിച്ചതിന് ശേഷം മദ്യപസംഘം കുറ്റിയാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. എന്നാല്‍ തൊട്ടില്‍പാലത്ത് വെച്ച് ഇവരില്‍ മൂന്ന് പേരെ വാഹന സഹിതം പിടികൂടുകയായിരുന്നു.മര്‍ദനമേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് ജില്ലാശുപത്രിയില്‍ ചികിത്സ തേടി.ഒന്നാം പ്രതിയായ സിറാജ് മുമ്പും പോലീസിനെ അക്രമിച്ച കേസില്‍ പ്രതിയാണ്. കുറ്റിയാടി, നാദാപുരം, തലശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്.കൂടാതെ കഴിഞ്ഞ വര്‍ഷം ഞായറാഴ്ച മര്‍ദ്ദനം നടന്ന സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് വച്ച് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ വെള്ളമുണ്ട പോലീസ് കേസെടുക്കുകയും കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്.ഒളിവില്‍ പോയവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest