Connect with us

Editorial

ഐ എ എസുകാരുടെ സമ്മര്‍ദ തന്ത്രം

Published

|

Last Updated

കൂട്ട അവധി സമരത്തില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള ഐ എ എസ് ഉദ്യോഗസ്ഥരുടെ തിരുമാനം ആശ്വാസകരമാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാര മനോഭാവത്തോടെ കേസ് ചുമത്തുന്നുവെന്നാരോപിച്ചു കൂട്ട അവധിയെടുക്കാനുള്ള തീരുമാനം, സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുഖ്യമന്ത്രി വഴങ്ങില്ലെന്ന് ബോധ്യമായതോടെയാണ് പിന്‍വലിച്ചത്. അഴിമതിയാരോപണത്തിന് വിധേയരാകുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ പലപ്പോഴും ഭരണ നേതൃത്വത്തിലുള്ളവരെ സ്വാധീനിച്ചും അവരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്തും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാറുണ്ട്. ആ തന്ത്രം പിണറായിയുടെ മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. തങ്ങളുടെ പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ബന്ധുനിയമന വിവാദത്തില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്കെതിരെ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദതന്ത്രങ്ങളുമായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമം തുടങ്ങിയത്. ജേക്കബ് തോമസിനെതിരെ ഉയര്‍ന്നുവന്ന ചില ആരോപണങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായാണ് അവര്‍ ആദ്യമായി രംഗത്ത് വന്നത്. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കൂടി വിജിലന്‍സ് അന്വേഷണം വരികയും മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ ഐ എ എസ് മേഖലയില്‍ പ്രതിഷേധം ശക്തമായി. മുന്‍കൂര്‍ അനുമതിയില്ലാതെ കെ എം എബ്രഹാമിന്റെ വസതി പരിശോധിച്ചതും പ്രശ്‌നം രൂക്ഷമാക്കി. വിജിലന്‍സ് പരിശോധനകളും നടപടികളും ഇനിയും തുടര്‍ന്നാല്‍ കേരളത്തിലെ വികസന പദ്ധതികളുമായി സഹകരിക്കില്ലെന്നും കേരളം വിട്ട് കേന്ദ്രസര്‍വീസിന് പോകുമെന്നും അവര്‍ ഭീഷണിമുഴക്കി. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സില്‍ തത്ക്കാലം ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും സമ്മര്‍ദ തന്ത്രങ്ങള്‍ പിണറായിയുടെ മുമ്പില്‍ നടപ്പില്ലെന്ന് ബോധ്യമാകുകയും ചെയ്തതോടെയാണ് അവര്‍ തത്കാലം മാളത്തിലേക്ക് ഉള്‍വലിഞ്ഞത്.
ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടലപ്പിണക്കവും ചേരിതിരിവും ഇതാദ്യമല്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷനും ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായിരുന്ന ചേരിപ്പോര് ഇന്നത്തേക്കാള്‍ ഗുരുതരമായിരുന്നു. ഭരത്ഭൂഷനെതിരെ പ്രിന്റിംഗ് ആന്‍ഡ് സ്‌റ്റേഷനറി വകുപ്പ് സെക്രട്ടറിയായിരുന്ന രാജു നാരായണ സ്വാമി ഉന്നയിച്ച അഴിമതിയാരോപണത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നം മാസങ്ങളോളം ഭരണമേഖലയില്‍ നീറിപ്പുകയുകയുണ്ടായി. ചില ഉദ്യോഗസ്ഥ പ്രമുഖരുടെ അഴിമതി അന്വേഷിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നത് പോലെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായിരുന്ന രാജു നാരായണ സ്വാമി, ടോം ജോസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി ശ്രമം തുടങ്ങിയതായിരുന്നു അന്നത്തെ ഐ എ എസ് ചേരിപ്പോരിന് വഴിവെച്ചത്.
ഏതെങ്കിലും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ സംഘടനാ ബലമുപയോഗിച്ചു അതിനെ നേരിടുന്നത് ശരിയായ രീതിയല്ല. അഴിമതിക്കാരെ സംരക്ഷിക്കാനുള്ളതല്ല ഐ എ എസ് അസോസിയേഷന്‍. ചെറുകിട ഉദ്യോഗസ്ഥരായാലും ഉന്നത മേഖലയിലുള്ളവരായാലും അഴിമതി അഴിമതി തന്നെ. ആരും നിയമത്തിന് അതീതരല്ല. സംഘടനാ ബലം ഇത്തരം നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയുമരുത്. ഇപ്പോള്‍ പ്രഖ്യാപിച്ച കൂട്ടഅവധി സമരത്തിന് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏതാനും ചിലര്‍ ധനകാര്യ സെക്രട്ടറി കെ എം എബ്രഹാമിന്റെ മുറിയില്‍ സ്വകാര്യമായി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം അസോസിയേഷന്റെ തീരുമാനമെന്ന പേരില്‍ അത് പ്രഖ്യാപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ കുറ്റാരോപിതനായ ഉദ്യോഗസ്ഥന് കോടതിയെ സമീപിച്ചു നിരപരാധിത്വം തെളിയിക്കാം. എന്നാല്‍, സമ്മര്‍ദ തന്ത്രം പ്രയോഗിച്ചു രക്ഷപ്പെടാനുള്ള ശ്രമം ജനങ്ങളെ കൂടുതല്‍ സംശയാലുക്കളാക്കുകയേയുള്ളൂ.
അഴിമതിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതേസമയം, ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടല്‍ പരമാവധി ഒഴിവാക്കി പരസ്പരം നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഭരണത്തിന്റെ സുഗമമായ ഗമനത്തിന് ആവശ്യമാണ്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാ നിലപാട് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി ഇക്കാര്യത്തില്‍ അവര്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തണം. സര്‍ക്കാറിന്റെ നിലപാടുകളും നയവും സത്യസന്ധമാകുന്നതോടൊപ്പം ന്യായവുമായിരിക്കേണ്ടതുണ്ട്. സമരം തത്കാലം ഉപേക്ഷിച്ചെങ്കിലും ഇന്നത്തെ പോക്കില്‍ ഐ എ എസ് ലോബി സംതൃപ്തരല്ല. പുതിയ സമ്മര്‍ദ തന്ത്രങ്ങളുമായി ഇനിയും അവര്‍ രംഗത്ത് വരും. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയാണ് അവരുടെ ലക്ഷ്യം. അതിന് വഴങ്ങേണ്ടിവന്നാല്‍ അഴിമതിക്കെതിരെയുള്ള പിണറായിയുടെ പോരാട്ടത്തിന് മങ്ങലേല്‍ക്കുകയും ചെയ്യും.