Connect with us

Kerala

സമസ്ത ഉലമാ കോണ്‍ഫറന്‍സ്; ബഹുജനസംഗമം ശനിയാഴ്ച

Published

|

Last Updated

കോഴിക്കോട്: സമസ്ത ജംഇയ്യത്തുല്‍ ഉലമ മാര്‍ച്ച് ആദ്യവാരം തൃശൂരില്‍ സംഘടിപ്പിക്കുന്ന ഉലമാ കോണ്‍ഫറന്‍സിന്റെ പദ്ധതികള്‍ ആലോചിക്കുന്നതിനായി നടക്കുന്ന ബഹുജനസംഗമം ഈ മാസം 14ന് നടക്കും. തൃശൂര്‍ കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ 2.30ന് നടക്കുന്ന സംഗമത്തിന്്് സമസ്ത കേന്ദ്രമുശാവറ നേതാക്കളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്്്‌ലിം ജമാഅത്ത്്, എസ്്് വൈ എസ്്്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ്്് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങള്‍, തൃശൂര്‍ ജില്ലയിലെവിവിധ സംഘടനാ ഘടകങ്ങളിലെ കൗണ്‍സിലര്‍മാര്‍, പ്രസ്ഥാന നേതാക്കള്‍, പൗരപ്രമുഖര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

സമസ്തയില്‍ അംഗത്വമുള്ള മുഴുവന്‍ പണ്ഡിതരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് ദിവസത്തെ മഹാസമ്മേളനത്തിനാണ് കേന്ദ്ര മുശാവറ രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഇരുപത്തയ്യായിരം പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ഉലമാകോണ്‍ഫ്രന്‍സില്‍ രാജ്യാന്തര പ്രമുഖരടക്കം മുസ്‌ലിം പണ്ഡിതരും ചിന്തകരും സംബന്ധിക്കും. മുസ്‌ലിം ലോകത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പണ്ഡിതപ്രസ്ഥാനത്തിന്റെത്രിദിന കോണ്‍ഫ്രന്‍സില്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കും. 2011ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ 15,000 മതപണ്ഡിതരെ അണിനിരത്തി സമസ്ത സംഘടിപ്പിച്ച ഉലമാസമ്മേളനം ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമും മുസ്‌ലിംകളും പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേകസാഹചര്യത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉലമാകോണ്‍ഫ്രന്‍സിന് വലിയ പ്രാധാന്യമാണുള്ളത്. സമ്മേളനത്തിലെ സെഷനുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതര്‍ നേതൃത്വം നല്‍കും.