Connect with us

Editorial

ക്യാമ്പസുകളില്‍ പഠനമോ പീഡനമോ?

Published

|

Last Updated

രോഹിത് വെമുലയുടെ മരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ജിഷ്ണു പ്രണോയിയുടെ വേര്‍പാട്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ജാതീയതയുടെ ഇരയായിരുന്നുവെങ്കില്‍ സ്വാശ്രയ സ്ഥാപനങ്ങളിലെ കാര്‍ക്കശ്യത്തിന്റെയും അധ്യാപക ധാര്‍ഷ്ട്യത്തിന്റെയും ബലിയാടാണ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു. പിതൃതുല്യം വിദ്യാര്‍ഥികളെ സ്‌നേഹിക്കേണ്ട അധ്യാപകന്‍ പരീക്ഷാ ഹാളില്‍വെച്ചു അപമാനിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സഹവിദ്യാര്‍ഥികള്‍ പറയുന്നത്. പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണുവിനെ അപഹസിച്ചതും പീഡിപ്പിച്ചതും. കോപ്പിയടി ആരോപണം ശരിയല്ലെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. കോപ്പിയടി നടന്നിട്ടുണ്ടെങ്കില്‍ അന്നേ ദിവസം തന്നെ പരീക്ഷാ കണ്‍ട്രോളറെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ വെള്ളിയാഴ്ച നടന്നുവെന്ന് അധ്യാപകര്‍ ആരോപിക്കുന്ന കോപ്പിയടിയെ സംബന്ധിച്ച പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറില്‍ നിന്നുള്ള വിവരം.

പഠനത്തില്‍ മിടുക്കനായ ജിഷ്ണുവിന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ വിദ്യാര്‍ഥിയോടുള്ള വൈരാഗ്യത്തില്‍ ഇടിമുറിയില്‍ വിളിച്ച് പീഡിപ്പിച്ചതായും ആരോപണമുണ്ട്.
ജിഷ്ണുവിന് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനം ഒറ്റപ്പെട്ട സംഭവമല്ല. പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജയ ശതമാനം ഉയര്‍ത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാനായി കടുത്ത നിബന്ധനകളും ചിട്ടകളും അപരിഷ്‌കൃതമായ ശിക്ഷണ, ശിക്ഷാ രീതികളും ഏര്‍പ്പെടുത്തുന്നുണ്ട്. അറ്റന്‍ഡന്‍സിന്റെയും ഇന്റേനല്‍ മാര്‍ക്കിന്റെയും പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് കഴുത്തറുപ്പന്‍ ഫൈനും ഈടാക്കുന്നു. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണല്ലോ എന്നു കരുതി രക്ഷിതാക്കളേറെയും ഇതെല്ലാം സഹിക്കുകയും അംഗീകരിക്കുകയുമാണ്. പാമ്പാടി കോളജില്‍ തന്നെ വിദ്യാര്‍ഥിനികളുടെ ബാഗുകളടക്കം കോളജ് അധികൃതര്‍ പരിശോധിക്കലും അവരെ മുറിക്കുള്ളില്‍ അടച്ചുപൂട്ടലുമൊക്കെ നടന്നിട്ടുണ്ടത്രേ. വിദ്യാര്‍ഥികളെ കായികമായി കൈകാര്യം ചെയ്യുന്നതിന് കോളജില്‍ ഒരു ഇടിമുറിയുണ്ടെന്നും കോളജിനെതിരെ സംസാരിക്കുന്ന വിദ്യാര്‍ഥികളെ ഈ മുറിയിലിട്ടു മര്‍ദിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിനൊക്കെ എതിരെ പ്രതിഷേധം ഉയരാതിരിക്കാന്‍ അവിടെ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നുമില്ല.

പ്രതിസന്ധികളെ തന്റേടത്തോടെ അഭിമുഖീകരിക്കാനാകാതെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിക്കുകയാണ്. പരീക്ഷയിലെ തോല്‍വി, ഫീസടക്കാന്‍ പണമില്ലായ്മ, അധ്യാപകരുടെ ശകാരം, സഹപ്രവര്‍ത്തകരുടെ പരിഹാസം തുടങ്ങിയ കാരണങ്ങളാല്‍ നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് ജീവനൊടുക്കിയിട്ടുണ്ട്. പുതുതലമുറക്ക് കുടുംബത്തില്‍ നിന്നുള്ള ആശ്രയത്വം നഷ്ടപ്പെട്ടതിന്റെ ഫലമാണിതെന്നാണ് മനഃശാസ്ത്രവിദഗ്ധരുടെ പക്ഷം. പരീക്ഷകളില്‍ ഗ്രേഡ് കുറയുമ്പോള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള ശകാരത്തിന് പുറമെ വീട്ടില്‍ നിന്നുകൂടി ശകാരം ഏല്‍ക്കേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ മനോനില തകരുക സ്വാഭാവികമാണ്. ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തില്‍ പഠിതാക്കളുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും തീരെ പരിഗണനയില്ല. അവര്‍ ഭാവിയില്‍ ആരായിത്തീരണമെന്ന് തീരുമാനിക്കുന്നത് രക്ഷിതാക്കളാണ്. ഇതിന് വേണ്ടിയാണ് ഉള്ളതെല്ലാം വിറ്റും പണയം വെച്ചും ലക്ഷങ്ങള്‍ കോഴ നല്‍കി സ്വാശ്രയ കോളജുകളില്‍ ചേര്‍ക്കുന്നത്. പല രക്ഷിതാക്കള്‍ക്കും മക്കള്‍ കേവലം പഠന യന്ത്രങ്ങളാണ്. മക്കളുടെ അഭിരുചികള്‍ക്കും ചിന്തകള്‍ക്കും അവരുടെ മുമ്പില്‍ സ്ഥാനമില്ല. കുട്ടികള്‍ പരീക്ഷയില്‍ പരാജയപ്പെടുകയോ തങ്ങളുടെ പ്രതീക്ഷക്കനുസരിച്ചു മാര്‍ക്ക് നേടാതിരിക്കുകയോ ചെയ്താല്‍ ശകാരമോ കുറ്റപ്പെടുത്തലോ അല്ല, ഭാവിയില്‍ നന്നായി പഠിക്കുന്നതിന് പ്രചോദനം നല്‍കുന്ന സമാശ്വാസത്തിന്റെ വാക്കുകളാണ് രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടാകേണ്ടത്. തനിക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കോപ്പിയടി ആരോപണത്തെ ചൊല്ലി സമൂഹത്തില്‍ നിന്നുണ്ടായേക്കാവുന്ന കുത്തുവാക്കുകളെയും പരിഹാസത്തെയും കൂടി ഓര്‍ത്തായിരിക്കണം ജിഷ്ണു ഈ കടുംകൈ ചെയ്തത്.

അംഗീകാരം നല്‍കുകയും പരീക്ഷാ സെന്ററുകള്‍ അനുവദിക്കുകയും ചെയ്യുന്നതിലപ്പുറം സ്വാശ്രയ കോളജുകളിലെന്തു നടക്കുന്നുവെന്ന് സര്‍വകലാശാലകളോ സര്‍ക്കാറോ അന്വേഷിക്കാറില്ല. സ്വാധീനമുണ്ടെങ്കില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, കാലിത്തൊഴുത്തിന് സമാനമായ കെട്ടിടങ്ങളിലും കോളജുകള്‍ നടത്താമെന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ദുസ്ഥിതിക്ക് അറുതി വരുത്തുന്നതിന് സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തന രീതി അധികൃതര്‍ ഇടക്കിടെ പരിശോധിക്കേണ്ടതാവശ്യമാണ്. ഗുണനിലവാരമുള്ള പഠനത്തിനും വ്യക്തിത്വവികസനത്തിനും സാംസ്‌കാരികോന്നതിക്കും ഉതകേണ്ട കോളജുകള്‍ ജയിലുകളും പീഡന കേന്ദ്രങ്ങളുമാകാന്‍ ഇനിയും അനുവദിച്ചു കൂടാ.

Latest