Connect with us

International

റഷ്യന്‍ സഹായം: ആരോപണം തള്ളി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ റഷ്യ സഹായിച്ചുവെന്ന ആരോപണത്തിനെതിരെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഷത്തോടെ പ്രതികരിച്ചു. തനിക്ക്‌മേല്‍ റഷ്യ ഒരിക്കലും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്ത ചോര്‍ത്തി പൊതുജനങ്ങളിലെത്തിച്ച അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നടപടികളെ അപലപിച്ച ട്രംപ് നമ്മള്‍ നാസി ജര്‍മനിയിലാണോ ജീവിക്കുന്നതെന്നും ചോദിച്ചു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം റഷ്യയുമായി ആശയവിനിമയം നടത്തിയായിരുന്നുവെന്നും വേശ്യകളെവരെ സ്വാധീനം ചെലുത്താനായി ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ആരോപണങ്ങളെ രോഷത്തോടെയാണ് റഷ്യയും നിഷേധിച്ചത്. റഷ്യക്കെതിരായ ആരോപണങ്ങള്‍ കള്ളക്കഥയാണെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
റഷ്യയുമായിചേര്‍ന്ന് താന്‍ ഒന്നും ചെയ്തിട്ടില്ല. കരാറുകളൊ വായ്പകളൊ മറ്റൊന്നും തന്നെയൊ ഇല്ലെന്നും ട്രംപ് പറഞ്ഞു. താന്‍ വളരെ എളുപ്പത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആ ഒരു വലിയ നീക്കം അംഗീകരിക്കപ്പെട്ടതാണ്. വഞ്ചകരായ എതിരാളികള്‍ ഈ വിജയത്തെ ഇടിച്ചു താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനായി റഷ്യ ഹാക്കിംഗ് ക്യാമ്പയിന്‍ നടത്തിയെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Latest