Connect with us

Kuwait

കുവൈത്ത് ഭരണഘടന പരിഷ്‌കരിക്കണമെന്ന് എംപിമാര്‍

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഭരണഘടനയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിക്കണമെന്നു പ്രതിപക്ഷ എം പി ഡോ. അബ്ദുല്‍ കരീം അല്‍കന്തരി ആവശ്യപ്പെട്ടു. 54 വര്‍ഷം മുമ്പ് നിലവില്‍ വന്ന കുവൈത്ത് ഭരണ ഘടന ,ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വ്യക്തമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ പരാജയപ്പെടുന്നു. ഭരണഘടന തിരുത്തപ്പെടാന്‍ പാടില്ലാത്തതാണെന്ന നമ്മുടെ തെറ്റായ ധാരണയാണ് ഇതിനു കാരണമെന്നും, പാര്‍ലമെന്റില്‍ അമീറിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റിന്റെ അധികാരങ്ങളെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന രൂപത്തിലുള്ള ഒരു ജനാധിപത്യ സമ്പ്രദായവും ഭരണ വ്യവസ്ഥയും കുവൈത്തിലല്ലാതെ ലോകത്തെവിടെയുമില്ല. ഇതിനു മാറ്റം വരണം, ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നല്‍കിയും പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നിയമപരമായ അംഗീകാരം നല്‍കികൊണ്ടുമുള്ള നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും ഡോ അല്‍കന്തരി ആവശ്യപ്പെട്ടു.

ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിയമ വിദഗ്ധരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിപുലമായ യോഗം വിളിച്ച് ചേര്‍ക്കാന്‍ ബഹുമാന്യ അമീര്‍ തയ്യാറാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിച്ച എം പിമാരായ മുഹമ്മദ് അല്‍ദലാല്‍ , ഉസാമ അല്‍ഷാഹീന്‍ എന്നിവരും ആവശ്യപ്പെട്ടു.

അതിനിടെ, മറ്റൊരു പ്രതിപക്ഷ എം പിയായ റിയാദ് അല്‍അദ്‌സാനിയുടെ നേതൃത്വത്തില്‍ അഞ്ച് എം പിമാര്‍, അടുത്തിടെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില വര്‍ദ്ധനയും , പരിഗണയിലുള്ള വൈദ്യുതിചാര്‍ജ്ജ് വെള്ളക്കരം വര്‍ദ്ധനയും പിന്‍വലിക്കണമെന്നു ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എണ്ണവിലക്കുറവിന്റെ പേരില്‍ പൗരന്മാര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ അവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

Latest