Connect with us

Kozhikode

ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ച് കടത്തിയ ചരക്കുകള്‍ പിടികൂടി

Published

|

Last Updated

ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ വാണിജ്യനികുതി വിഭാഗം പിടികൂടിയ ചരക്കുകള്‍

ഫറോക്ക്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് ട്രെയിനില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച ചരക്കുകള്‍ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് ഫറോക്ക്, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വില്‍പ്പനക്കായി എത്തിച്ച ചരക്കുകളാണ് ഇന്നലെ ഉച്ചക്ക് 12.30ഓടെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്.

കോയമ്പത്തൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ 2.20 ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഹാര്‍ഡ്‌വേര്‍ വസ്തുക്കളുമാണ് 24 ബോക്‌സുകളിലായി എത്തിച്ചത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ചരക്കുകള്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ പിന്‍വശത്തുള്ള റോഡിലെ വാഹനത്തില്‍ കയറ്റിക്കൊണ്ടിരിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പ്ലാറ്റ്‌ഫോമിനു പിന്നിലൂടെ എത്തിയ വാണിജ്യനികുതി വിഭാഗം ഉദ്യോഗസ്ഥര്‍ ചരക്കുകള്‍ കൈയോടെ പിടികൂടുകയായിരുന്നു. ഉടമകളില്‍ നിന്ന് 31,900 രൂപ പിഴ ഈടാക്കി. വാണിജ്യ നികുതി വിഭാഗം ഉദ്യോഗസ്ഥരായ പി രാമക്രഷ്ണന്‍, എന്‍ ഷാജു , രാഘേഷ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
ട്രെയിന്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് സാധനങ്ങള്‍ വ്യാപകമായി കടത്തുന്നത് പതിവായതോടെ വാണിജ്യ നികുതി വകുപ്പ് ഫറോക്ക് റെയിവേ സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, ചെരിപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, വിവിധതരം പാത്രങ്ങള്‍ തുടങ്ങിയവയാണ് വിപണി ലക്ഷ്യമിട്ട് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. കോഴിക്കോടും സമീപ പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലും വാണിജ്യ നികുതി വിഭാഗം പരിശോധന ശക്തമാക്കിയതിനാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഫറോക്ക് സ്റ്റേഷനില്‍ നികുതി വെട്ടിച്ചുള്ള ചരക്കുകള്‍ കൊണ്ടുവരുന്നത് വ്യാപകമായിരിക്കുകയാണ്.

 

Latest