Connect with us

Gulf

ദുബൈയില്‍ റഡാര്‍ പരിസരമെത്തുമ്പോള്‍ വേഗം കുറക്കുന്ന അമിതവേഗക്കാര്‍ കുടുങ്ങും

Published

|

Last Updated

ദുബൈ: നിരത്തുകളില്‍ അമിതവേഗം കാണിച്ച് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി ദുബൈ പോലീസ് രംഗത്തെത്തുന്നു. ഇതനുസരിച്ച് പോലീസിന്റെയും സുരക്ഷാ ക്യാമറകളുടെയും കണ്ണ് വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുരുക്ക് വീഴും.
നിരീക്ഷണ ക്യാമറകളില്ലാത്ത പ്രദേശങ്ങളില്‍ അമിതവേഗത്തില്‍ ഓടിക്കുകയും ക്യാമറയുടെ പരിസരങ്ങളിലെത്തുമ്പോള്‍ വേഗത കുറച്ച് നല്ലപിള്ള ചമയുകയും ചെയ്യുന്നവരെ പിടിക്കാനാണ് പുതിയ പദ്ധതി പോലീസ് പരീക്ഷിക്കുന്നത്. റോഡുകളെ കുറിച്ച് കൃത്യമായ പരിചയവും ധാരണയുമുള്ളവരാണ് പലപ്പോഴും ഇത്തരത്തില്‍ “കബളിപ്പിക്കല്‍” നടത്താറുള്ളത്.

രണ്ട് റഡാറുകള്‍ക്കിടയില്‍ അനുവദിക്കപ്പെട്ട വേഗതയില്‍ വാഹനമോടിച്ചാല്‍ എത്തേണ്ട സമയം റഡാറുകളില്‍ ക്രമീകരിച്ചാണ് ഇത്തരക്കാരെ പിടികൂടുകയെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ ട്രാഫിക് വിഭാഗം തലവനുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ വ്യക്തമാക്കി. ക്യാമറകള്‍ക്കിടയിലെ അമിത വേഗക്കാരെ ക്യാമറയുടെ “ഫഌഷ്” ഒപ്പിയെടുത്തില്ലെങ്കിലും പിടിക്കപ്പെടുമെന്നും അല്‍ സഫീന്‍ പറഞ്ഞു. ഇത്തരം ലംഘകര്‍ 600 ദിര്‍ഹമാണ് പിഴയൊടുക്കേണ്ടിവരിക. അടുത്ത മാസം ആദ്യം മുതലാണ് നിയമം പ്രാബല്യത്തിലാവുക. ഹത്ത-അല്‍ ഐന്‍ റോഡിലാണ് അടുത്ത മാസം മുതല്‍ പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കുകയെന്നും അല്‍ സഫീന്‍ വ്യക്തമാക്കി.
മൂന്ന് കിലോമീറ്ററിനുള്ളിലുള്ള രണ്ട് ക്യാമറകള്‍ക്കിടയില്‍ 76 സെക്കന്റുകള്‍ക്കുള്ളില്‍ ഓടിയെത്തിയാല്‍ 600 ദിര്‍ഹം പിഴയൊടുക്കേണ്ടിവരുമെന്ന് അല്‍സഫീന്‍ വിശദീകരിച്ചു.

Latest