Connect with us

Gulf

തടവുകാരുടെ കരകൗശല പവലിയന്‍; ആഗോള ഗ്രാമത്തിലെ വേറിട്ട കാഴ്ച

Published

|

Last Updated

ജയില്‍ തടവുകാര്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍

ദുബൈ: ജയില്‍ തടവുകാരുടെ കര കൗശല വിപണന പവലിയന്‍ ഗ്ലോബല്‍ വില്ലേജില്‍ ശ്രദ്ധേയമാകുന്നു. അവീര്‍ പ്രധാന ജയിലിലെ തടവുകാര്‍ നിര്‍മിക്കുന്ന ബാഗുകള്‍, എംബ്രോയിഡറി വസ്തുക്കള്‍, കന്തൂറ, അറേബ്യന്‍ പാരമ്പര്യത്തിന്റെ അഭിമാന ചിഹ്നങ്ങളായ അറബി പായക്കപ്പലുകളുടെ മാതൃക മണി ബോക്‌സുകള്‍, വ്യത്യസ്തമായ പാവകള്‍, ലോഹത്താല്‍ അലംകൃതമായ പക്ഷിക്കൂടുകള്‍ തുടങ്ങി കുട്ടികളുടെ ഫീഡിംഗ് ബോട്ടിലുകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക കുഞ്ഞന്‍ സഞ്ചികള്‍ മുതല്‍ വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള അലങ്കാരപ്പെട്ടികള്‍ വരെ ദുബൈ പോലീസ് ഒരുക്കിയ പവലിയനിലുണ്ട്.

ജയില്‍വാസികള്‍ക്ക് മാനസികോല്ലാസവും മനഃസംതൃപ്തിയും നല്‍കുന്നതിന് ദുബൈ പോലീസ് പനിഷെറ്റിവ് ആന്‍ഡ് കറക്ഷണല്‍ ഡിപ്പാര്‍ട്‌മെന്റ് ഏര്‍പെടുത്തിയതാണ് ജയിലിനുള്ളിലെ കരകൗശല നിര്‍മാണ യുണിറ്റ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം നിര്‍മാണ ശാലകള്‍ ജയിലിനകത്ത് ഒരുക്കിയിട്ടുണ്ട്.

ആഗോള ശ്രദ്ധനേടുന്ന ഗ്ലോബല്‍ വില്ലേജില്‍ ജയില്‍ പുള്ളികളുടെ കരകൗശല വിദ്യകള്‍ വേറിട്ട കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം ജയില്‍ വാസികള്‍ ക്കു മാസ വേതനമായും വര്‍ഷത്തില്‍ ബോണസായും വീതിച്ചു നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീ, പുരുഷ തടവുകാര്‍ പ്രത്യേകം തരം തിരിച്ചു നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് 15 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പവലിയനില്‍ ഈടാക്കുന്നത്. ദുബൈ പോലീസ് ജയില്‍ വിഭാഗത്തിനൊപ്പം അബുദാബി പോലീസ് ജയില്‍ വിഭാഗവും പ്രത്യേക വിപണന പവലിയന്‍ ആഗോള ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest