Connect with us

Gulf

പ്രധാനമന്ത്രി ഖത്വര്‍ പെട്രോളിയം ആസ്ഥാനം സന്ദര്‍ശിച്ചു

Published

|

Last Updated

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഖത്വര്‍ പെട്രോളിയം ആസ്ഥാനം സന്ദര്‍ശിച്ചു. ആഗോള ഊര്‍ജ വിപണികളിലെ പുരോഗതികളും ഉടച്ചുവാര്‍ക്കലും ചെലവുനിയന്ത്രണവും അടക്കം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ക്യു പി കൈവരിച്ച പ്രധാന നേട്ടങ്ങളും സംബന്ധിച്ച് ഖത്വര്‍ പെട്രോളിയം പ്രസിഡന്റും സി ഇ ഒയുമായ സആദ് ശെരിദ അല്‍ കഅബി വിശദീകരിച്ചു.
ആഗോള ഊര്‍ജ വ്യവസായ മേഖലയില്‍ ശക്തമായ ഇടം നേടാനുള്ള ഖത്വര്‍ പെട്രോളിയത്തിന്റെ തീരുമാനങ്ങളും നടപടികളും അദ്ദേഹം വിവരിച്ചു. ലോകത്തിലെ മികച്ച ദേശീയ എണ്ണക്കമ്പനികളില്‍ ഒന്നാകുന്നതിന് ക്യു പി പ്രതിജ്ഞാബദ്ധമാണ്. ഖത്വര്‍ പെട്രോളിയം ഇന്റര്‍നാഷനലും തസ്‌വീഖും ഖത്വര്‍ പെട്രോളിയത്തിലേക്ക് ചേര്‍ത്തതും അല്‍ ശഹീന്‍ എണ്ണപ്പാടത്തിന്റെ നടത്തിപ്പിന് നോര്‍ത്ത് ഓയില്‍ കമ്പനി സ്ഥാപിച്ചതും പ്രധാന നേട്ടങ്ങളാണ്. റാസ്ഗ്യാസും ഖത്വര്‍ഗ്യാസും ഒറ്റകമ്പനി (ഖത്വര്‍ ഗ്യാസ്)യാക്കിയതും മികച്ച നേട്ടമാണ്. ഖത്വര്‍ പെട്രോളിയം ആസ്ഥാനം ചുറ്റിക്കണ്ട പ്രധാനമന്ത്രി ആഗോള ഊര്‍ജ, വാതക മേഖലയില്‍ ഖത്വറിന്റെ സ്ഥാനം ശക്തമാക്കാനുള്ള ഖത്വര്‍ പെട്രോളിയത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

Latest