Connect with us

Editorial

ദേശീയതയും സംഘ്പരിവാറും

Published

|

Last Updated

സംഘ്പരിവാര്‍ അസഹിഷ്ണുത കേരളത്തിലും ശക്തിപ്പെട്ടു വരികയാണെന്നാണ് മലയാള സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമെതിരെയുള്ള അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. രാമായണ വ്യാഖ്യാനത്തെ ചൊല്ലി എം എം ബശീറിനും സര്‍ക്കാറിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധത്തെക്കുറിച്ചു പറഞ്ഞതിന് എം ടി വാസുദേവന്‍ നായര്‍ക്കുമെതിരെ വാളോങ്ങിയ ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ സിനിമാ സംവിധായകന്‍ കമലിനെതിരെയുള്ള ഉറഞ്ഞു തുള്ളല്‍ തുടരുകയാണ്. ദേശീയഗാന വിവാദത്തെ തുടര്‍ന്നാണ് കമലിനെതിരെ ബി ജെ പി ആക്രമണവുമായി രംഗത്തു വന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം വേണമെന്ന നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നില്‍ കമലാണെന്നാണ് അവരുടെ ആരോപണം. സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. കമല്‍ രാജ്യദ്രോഹിയാണെന്നും അദ്ദേഹം രാജ്യം വിട്ട് പോകണമെന്നുമാണ് ഇതേ ചൊല്ലി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടത്.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിക്കുകയും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഗോവിന്ദ് പന്‍സാരെ, ഡോ. എം എം കല്‍ബുര്‍ഗി, നരേന്ദ്ര ദാല്‍ ബോക്കറെ എന്നിവരെ കൊലപ്പെടുത്തിയവരാണ് സംഘ്പരിവാര്‍ പ്രഭൃതികള്‍. സ്വതന്ത്രമായി ചിന്തിക്കുന്ന ആരെങ്കിലും തങ്ങളുടെ താത്പര്യത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തിയാല്‍ നാട് വിടണമെന്നാണ് അവരുടെ “കല്‍പന”. ഇന്ത്യ തങ്ങളുടെ തറവാട് എന്ന മട്ടിലാണ് പലരുടെയും പ്രസ്താവനകള്‍. തങ്ങള്‍ മാത്രമാണ് ദേശീയതയുടെ വക്താക്കളെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, മധ്യപൂര്‍വ ദേശത്ത് നിന്ന് കടന്നുവന്ന് ഇന്ത്യയില്‍ അധീശത്വം സ്ഥാപിച്ച ആര്യന്മാരുടെ പിന്‍ഗാമികള്‍ക്ക് ഇന്ത്യന്‍ ദേശീയത അവകാശപ്പെടാനാവില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആദിമ ഇന്ത്യക്കാരായ ദ്രാവിഡരെ യുദ്ധത്തിലൂടെ കീഴടക്കുകയും അടിച്ചൊതുക്കുകയും ചെയ്ത ഇവര്‍ പിന്നീട് കെട്ടിച്ചമച്ചതാണ് ജാതീയതയും ഹിന്ദുത്വത്തോട് ചേര്‍ത്തു പറയുന്ന പല ആചാരങ്ങളും. യഥാര്‍ഥത്തില്‍ അവക്കൊന്നും ഇന്ത്യന്‍ ദേശീയതയുമായോ ഹിന്ദുത്വവുമായോ ഒരു ബന്ധവുമില്ല. ഇപ്പേരില്‍ മറ്റുള്ളവരോട് ഇന്ത്യ വിടണമെന്ന് പറയാന്‍ അവര്‍ക്കവകാശവുമില്ല. ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ട കാലത്താണ്. അന്ന് വൈദേശിക ഭരണത്തോട് കൂറ് കാണിച്ചു, ദേശീയ സമരത്തില്‍ നിന്ന് വിട്ടു നിന്നവരാണ് ഹിന്ദുത്വ സംഘടനകളെന്നതാണ് വിരോധാഭാസം. പ്രാചീന കാലത്ത് മനുസ്മൃതി പോലെയുള്ള നിയമങ്ങള്‍ എഴുതിയുണ്ടാക്കി മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചത് പോലെ ഈ കാലത്തും രാജ്യത്ത് അപ്രമാദിത്തം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആര്യന്മാരുടെ പിന്‍ഗാമികള്‍. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെയെല്ലാം ദേശവിരുദ്ധരും രാജ്യദ്രോഹികളുമായി മുദ്രകുത്തുന്നതിന് പിന്നിലെ താത്പര്യമിതാണ്. വടക്കെ ഇന്ത്യയില്‍ അവര്‍ ഈ കളി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും വ്യത്യസ്ത മതങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന കേരളം ഇതിനപവാദമായിരുന്നു അടുത്ത കാലം വരെ. വര്‍ഗീയ ധ്രുവീകരണത്തിലൂടെ മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന്റെ ഹുങ്കിലാണ് ഇപ്പോള്‍ കേരളത്തിലും അവര്‍ ഈ തന്ത്രം പരീക്ഷിക്കുന്നത്.
കലാകാരന്മാരുടെയും സാംസ്‌കാരിക നായകരുടെയും വാക്കുകള്‍ക്ക് ജനം കൂടുതല്‍ ചെവിയോര്‍ക്കുന്നുവെന്നതാണ് ഫാസിസ്റ്റുകള്‍ അവരെ ലക്ഷ്യം വെക്കുന്നതിന് കാരണം. അവരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചു ഉദയ് പ്രകാശ്, നയന്‍താര സേഹ്ഗാള്‍, ലളിത കലാ അക്കാദമി ചെയര്‍മാന്‍ അശോക് ദേശ്പാണ്ഡെ, സാറാ ജോസഫ് തുടങ്ങി നിരവധി എഴുത്തുകാര്‍ അക്കാദമിക് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കുകയുണ്ടായി. പുരസ്‌കാരങ്ങളല്ല, ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സാഹചര്യവുമാണ് വേണ്ടതെന്നാണ് അവരുടെ ആവശ്യം. ഇതു തന്നെയാണ് കമലിനും എം ടിക്കുമൊക്കെ പറയാനുള്ളത്. ജനപക്ഷത്തു നിന്ന് സംസാരിക്കുന്നവരും പ്രതികരിക്കുന്നവരുമായിരിക്കണം കലാകാരന്മാരും സാഹിത്യകാരന്മാരും. മതസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ചിന്താധാരകളും അഭിപ്രായ വൈജാത്യങ്ങളെ തുറന്ന മനസ്സോടെ അഭിമുഖീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. തത്സ്ഥാനത്ത് വര്‍ഗീയതയും വിദ്വേഷ്യവും വളര്‍ത്തി രാജ്യത്ത് സംഘര്‍ഷവും കലാപങ്ങളും സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നവരാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധരും രാജ്യദ്രോഹികളും. ഇവരെയാണ് യു എ പി എ ചുമത്തി കല്‍ത്തുറുങ്കിലടക്കേണ്ടത്.

---- facebook comment plugin here -----

Latest