Connect with us

National

അഖിലേഷ് കോൺഗ്രസിലേക്ക് അടുക്കുന്നു; ചർച്ചകൾ ഡി‌ംപിളും പ്രിയങ്കയും തമ്മിൽ

Published

|

Last Updated

ലക്‌നൗ: അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട, മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യത്തിന് ഒരുങ്ങുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അഖിലേഷ് പക്ഷം കരുക്കള്‍ നീക്കുന്നത്. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളും പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഇതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള യുവ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച ലക്ഷ്യപ്രാപ്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കന്നൗജ് മണ്ഡലത്തില്‍ നിന്നുള്ള എംപി കൂടിയായ ഡിംപിള്‍ സുപ്രധാന രാഷ്ട്രീയ ചര്‍ച്ചകളില്‍ നേരിട്ട് പങ്കാളിയാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അഖിലേഷിന് ഒപ്പം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിച്ചാല്‍ ഔദ്യോഗിക ഇടങ്ങളിലൊന്നും ഡിംപിള്‍ ഉണ്ടായിരുന്നില്ല. ഡിംപിളിന്റെ മുഖ്യധാര പ്രവേശം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പക്ഷത്തിന് കരുത്ത് പകരുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 403 നിയമസഭാ സീറ്റുകളില്‍ 300 എണ്ണത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ പിന്തുണ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് അഖിലേഷ് പക്ഷം അവകാശപ്പെടുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ഉത്തര്‍പ്രദേശ് ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിന് ഈ ബാന്ധവം മുതല്‍ക്കൂട്ടാകുകയും ചെയ്യും.

കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നതും പ്രസക്തമാണ്. ഔദ്യോഗികമായി പാര്‍ട്ടി പദവികള്‍ വഹിക്കാത്ത പ്രിയങ്കക്കും മുഖ്യധാര രാഷ്ട്രീയപ്രവേശത്തിനുള്ള മികച്ച വഴിയാണ് ഇതിലൂടെ തെളിയുന്നത്.

സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായാല്‍ അഖിലേഷ് – കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്ര്യാപനമുണ്ടാകുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. സൈക്കിള്‍ ചിഹ്നത്തിനായി മുലായം സിംഗ് യാദവും അഖിലേഷ് യാദവും അവകാശവാദമുന്നയിച്ചതോടെ പ്രശ്‌നം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ജനുവരി 17ന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ തുടങ്ങുമ്പോഴേക്കും ഇക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

Latest