Connect with us

Gulf

ഖത്തറില്‍ ജീവിതച്ചെലവുകളുടെ വര്‍ധനയില്‍ ഇടിവ്

Published

|

Last Updated

ദോഹ: രാജ്യത്തെ ജീവിതച്ചെലവുകളുടെ വര്‍ധനയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയ വര്‍ഷം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജീവിതച്ചെലവില്‍ 1.8 ശതമാനത്തിന്റെ മാത്രം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തൊട്ടു മുന്‍ വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്നതായിരുന്നു നിരക്ക്. രാജത്തെ ജീവിതച്ചെലവ് ഉയര്‍ന്നു നില്‍ക്കുമ്പോഴും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനയില്‍ ഇടിവുണ്ടായി എന്നാണ് പുതിയ സര്‍ക്കാര്‍ സ്ഥിതി വിവരം വെളിപ്പെടുത്തുന്നത്. പോയ വര്‍ഷം വില സൂചിക കൂടുതല്‍ ഉയര്‍ന്നു നിന്നത് ഏപ്രില്‍ മാസത്തിലാണ്. 3.4 ശതമാനമായിരുന്നു ഇത്.

അതേസമയം രാജ്യത്ത് വിവിധ രംഗങ്ങളില്‍ ചെലവു കുറഞ്ഞുവെന്ന് വികസനാസൂത്രണ, സ്ഥിതിവിവര മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ആകെ ചെലവുകളുടെ വര്‍ധന തടയാന്‍ സഹായിച്ചിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, പാനീയം എന്നീ വിഭാഗങ്ങള്‍ക്ക് 3.2 ശതമാനം വില കുറഞ്ഞു. ആരോഗ്യ മേഖലയില്‍ 0.8 ശതമാനവും റസ്റ്റോറന്റ്, ഹോട്ടല്‍ രംഗങ്ങളില്‍ 1.8 ശതമാനവും വിലക്കുറവുണ്ടായിത. ഈ മൂന്നു മേഖലകളും ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ നിരക്കിലായിരുന്നു പലപ്പോഴും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഹോട്ടല്‍ നിരക്ക് താഴാന്‍ തുടങ്ങിയത്. എന്നാല്‍ ആരോഗ്യ മേഖലയില്‍ സെപ്തംബറിലാണ് ചെലവു താഴ്ന്നത്.

അതേസമയം മുന്‍ വര്‍ഷത്തേക്കാള്‍ ചെലവ് ഉയര്‍ന്നു തന്നെ നില്‍ക്കുന്ന രീതിയില്‍ വിലക്കയറ്റവും പോയ വര്‍ഷമുണ്ടായി. ഗതാഗതം, വിനോദം, സാംസ്‌കാരികം, വിദ്യാഭ്യാസം, ഫര്‍ണിച്ചര്‍ തുടങ്ങിയ മേഖലകളിലാണ് ചെലവു വര്‍ധിച്ചത്. രാജ്യത്ത് യാത്രാ രംഗത്ത് ഓരോ വര്‍ഷലും ചെലവു വര്‍ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ വര്‍ഷം 6.2 ശതമാനമാണ് വര്‍ധന. ഗതാഗത മേഖലയില്‍ ചെലവു വര്‍ധിക്കുന്നതിന്റെ വിശദാംശം ഇനം തിരിച്ച് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയട്ടില്ല. വിനോദ, സാംസ്‌കാരിക മേഖലയില്‍ 3.9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാത്. വിദ്യാഭ്യാസത്തിന് മൂന്നു ശതമാനവും ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 2.4 ശതമാനവം വര്‍ധനയുണ്ടായി. വീട്ടുവാടകയിലും ഇന്ധന വിലയലും 1.1 ശതമാനമാണ് വര്‍ധന. എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വിലയില്‍ ശ്രദ്ധേയമായ ഉയര്‍ച്ചയുണ്ടായി. പാര്‍പ്പിടങ്ങളുടെ വാടകയില്‍ നേരിയ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയതെന്നതെന്നാണ് പോയ വര്‍ഷത്തെ റിപ്പോര്‍ട്ടിലെ സവിശേഷത.

Latest