Connect with us

Kerala

അതിജീവന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് മഅ്ദിന്‍ എബിലിറ്റി സമ്മിറ്റ്

Published

|

Last Updated

മലപ്പുറം: ഇവിടെ വി വി ഐ പികളെല്ലാം സദസ്സിലായിരുന്നു. സ്റ്റേജിലിരിക്കുന്നവരല്ല, വീല്‍ചെയറില്‍ എത്തിയ തങ്ങളാണ് ഈ പരിപാടിയിലെ പ്രത്യേകാതിഥികളെന്നറിഞ്ഞപ്പോള്‍ അവര്‍ നിറഞ്ഞു ചിരിച്ചു. അന്താരാഷ്ട്ര പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച എബിലിറ്റി സമ്മിറ്റിനെത്തിയതായിരുന്നു വീല്‍ചെയര്‍ ഉപയോഗിക്കുന്ന മൂന്നൂറിലധികം പേര്‍. ശരീരം പൂര്‍ണമായും തളര്‍ന്ന് കുടുംബാംഗങ്ങളും കൂട്ടുകാരും കൈകളില്‍ കോരിയെടുത്ത് കൊണ്ടുവന്നവരും അവര്‍ക്കിടയിലുണ്ടായിരുന്നു.
കളിപറഞ്ഞും തീക്ഷണാനുഭവങ്ങളുടെ കഥകള്‍ പങ്കുവെച്ചും പുതുബന്ധങ്ങള്‍ കൂട്ടിയിണക്കിയും ഒരേ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്ന കൂട്ടുകാര്‍ക്കൊന്നിച്ച് സെല്‍ഫിയെടുത്തും ക്ലാസുകളില്‍ സശ്രദ്ധം സംബന്ധിച്ചും അവര്‍ സ്വലാത്ത് നഗറില്‍ ചെലവഴിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അംഗവൈകല്യവും രോഗാവസ്ഥയുമല്ല മനുഷ്യ ശേഷിയുടെ അളവു നിര്‍ണയിക്കുന്നതെന്നും പ്രതിസന്ധികളെ നേരിടാനും കുറവുകളെ അതീജീവിച്ച് മുന്നേറാനുമുള്ള മനശ്ശക്തിയാണ് വലുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഗമത്തില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കണ്ണ് പരിശോധന, ആധാര്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ആയുര്‍വേദ ഡോക്ടറുടെ പരിശോധന, വസ്ത്രവിതരണം, ഹോസ്‌പൈസ് ധനസഹായ വിതരണം എന്നിവയുമൊരുക്കിയിരുന്നു. വിവിധ പ്രായത്തലുള്ളവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവരുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും അരങ്ങേറി. കമ്പ്യൂട്ടര്‍ ട്രെനിംഗ്, തയ്യല്‍ പരിശീലനം എന്നിവയുടെ ഉദ്ഘാടനവും നടന്നു.
മലപ്പുറം സി ഐ. എ പ്രേംജിത്ത്, സിദ്ദീഖ് ഹാജി ഖത്വര്‍, ഹൈദര്‍ ഹാജി ഹൈക്ക, ഹൈദരാബാദ് ഇഫഌ യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം തലവന്‍ ഡോ. ജഹാംഗീര്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍, രായിന്‍ കുട്ടി സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം പ്രസംഗിച്ചു. മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് മഅ്ദിന്‍ ഹോസ്‌പൈസ് കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ പൊന്മള, ജുനൈദ് സഖാഫി എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി.

Latest