Connect with us

Articles

നമുക്കൊന്ന് അഡ്വാനിയും വാജ്‌പെയിയും കളിച്ചാലോ?

Published

|

Last Updated

ബഹുമുഖങ്ങള്‍, അവയില്‍ നിന്നൊക്കെ ബഹുവിധം സംസാരങ്ങള്‍ – ജനത്തെ സംശയത്തിന്റെ, ആശയക്കുഴപ്പത്തിന്റെ നിഴലിലേക്ക് നീക്കാനും അതുവഴി വെറുപ്പിന്റെ വിത്ത് മുളപ്പിച്ചെടുക്കാനും ഇതില്‍പ്പരം പറ്റിയ ഉപായം മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അധിനിവേശ – ഫാസിസ്റ്റ് ശക്തികളും വര്‍ഗീയത മാത്രം അജന്‍ഡയാക്കിയവരും എക്കാലവും ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്. ഏകാധിപത്യവും ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന ഭരണവും ഈ മാര്‍ഗം അവലംബിക്കും. ജനം ഭിന്നിച്ചുനില്‍ക്കുകയും വെറുപ്പിനെ മാത്രം ആധാരമാക്കി ചേരികളുണ്ടാകുകയും ചെയ്യുക എന്നത് ഇക്കൂട്ടരെ സംബന്ധിച്ച് അത്രത്തോളം പ്രധാനമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് അധികാരം ഉറപ്പാക്കാന്‍ ശ്രമിക്കുന്നവര്‍, ഇന്ത്യന്‍ യൂനിയനില്‍ ദീര്‍ഘകാലമായി പയറ്റുന്ന തന്ത്രമാണിത്.
രാഷ്ട്രീയ സ്വയം സേവക് സംഘിന് മുമ്പ്, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസില്‍ തീവ്ര, മൃദു നിലപാടുകളെടുത്ത ചേരികളുണ്ടായിരുന്നു. അവ രണ്ടും അടിസ്ഥാനപരമായി ഭൂരിപക്ഷമതവുമായി ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. അതിലെ തീവ്ര നിലപാടുകള്‍ ഹിന്ദുത്വ അജന്‍ഡക്കും ആര്‍ എസ് എസ്സിന്റെ രൂപവത്കരണത്തിനും രണ്ട് രാഷ്ട്രമെന്ന വാദത്തിനുമൊക്കെ വഴിമരുന്നിട്ടിട്ടുണ്ട്. തീവ്ര – മൃദു നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ അതിനായി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഈ ദ്വന്ദ്വം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ രൂപവത്കരണത്തിന് ശേഷമാണ്. 80കളുടെ അവസാനത്തില്‍ രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായി ഉയര്‍ത്തി എല്‍ കെ അഡ്വാനി രഥയാത്രക്കിറങ്ങിയപ്പോള്‍ ലോഹപുരുഷന്‍ തീവ്ര മുഖവും അടല്‍ ബിഹാരി വാജ്‌പേയി മൃദു മുഖവുമായി വിശേഷിപ്പിക്കപ്പെട്ടു. അത്തരമൊരു നേതൃദ്വയത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ പങ്ക് വഹിക്കുകയും ചെയ്തു. വര്‍ഗീയ അജന്‍ഡകളില്ലാത്ത പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരുന്നതിനും മറ്റും മിതമുഖത്തിന്റെ ആവശ്യം അക്കാലത്ത് ബി ജെ പിക്കുണ്ടായിരുന്നു. അത് ഫലം കാണുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ തീവ്ര – മൃദു മുഖങ്ങള്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. രഥയാത്രയെയോ അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ അക്രമങ്ങളെയോ ഒരു കാലത്തും വാജ്പയി വിമര്‍ശിച്ചിരുന്നില്ല എന്ന് ഓര്‍ക്കുക.
2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ എ ബി വാജ്പയിയായിരുന്നു പ്രധാനമന്ത്രി. അക്രമം തടയുന്നതിന് സൈന്യത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ നിര്‍ദേശങ്ങളെ ദിവസങ്ങളോളം തള്ളിക്കളഞ്ഞ്, നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സംഘ്പരിവാര സംഘടനകള്‍ ആസൂത്രണം ചെയ്ത പദ്ധതി “വിജയകര”മായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി. പിന്നീട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച വാജ്പയി “രാജധര്‍മം” പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്ന പ്രതീതി ജനിപ്പിച്ച് തീവ്ര നിലപാടുകാര്‍ക്കൊപ്പമല്ല താനെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. വംശഹത്യാ ശ്രമത്തിനിടെയുണ്ടായ കൊടിയ ക്രൂരതകളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയപ്പോള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഒന്നും മിതവാദ മുഖത്തു നിന്ന് ശബ്ദങ്ങളൊന്നും പുറപ്പെട്ടില്ല. പക്ഷേ, അപ്പോഴും “രാജധര്‍മം” ഓര്‍മിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിന്റെ പേരില്‍ ബി ജെ പിയിലെ മിതവാദ മുഖമെന്ന പ്രതിച്ഛായ വാജ്പയിയില്‍ നിലനിന്നു.
ഗുജറാത്ത് “മാതൃക”യുടെ മേന്മ നിരത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദി ചുവടുറപ്പിച്ചപ്പോള്‍ തീവ്രമുഖമായിരുന്ന എല്‍ കെ അഡ്വാനി മിതത്തിന്റെ മുഖംമൂടി എടുത്തണിയുന്ന കാഴ്ചകണ്ടു. സഖ്യകക്ഷികളുടെ വിശ്വാസമാര്‍ജിക്കണമെങ്കില്‍ ഈ മുഖംമൂടിയില്ലാതെ സാധിക്കില്ലെന്ന തിരിച്ചറിവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയല്ലെങ്കില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത് ഓര്‍ക്കുക. പ്രധാനമന്ത്രിപദമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കുറുക്കുവഴിയെന്നതിനപ്പുറത്ത്, അടിസ്ഥാന അജന്‍ഡകളില്‍ നിന്നുള്ള മാറ്റമായി ഈ മുഖംമൂടിയെ കാണാന്‍ സാധിക്കില്ല. അതിനെയൊക്കെ അതിജീവിക്കാനുള്ള ശേഷി നരേന്ദ്ര മോദിയുടെ തീവ്രമുഖത്തിനുണ്ടായിരുന്നതിനാല്‍ വിലപ്പോയില്ലെന്ന് മാത്രം. നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് അങ്കത്തിനുള്ള ബാല്യം വിട്ടിട്ടില്ലെന്ന് തെളിയിക്കുമ്പോഴും വര്‍ഗീയ അജന്‍ഡകളില്‍ എന്തെങ്കിലും മാറ്റം അഡ്വാനിക്കുണ്ടായെന്ന് കരുതാനാകില്ല. പല വിധ സംസാരങ്ങളുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയെന്ന് ചുരുക്കം.
അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടുകയും വിമര്‍ശിക്കാനൊരുമ്പെടുന്നവര്‍ രാജ്യം വിട്ടുപോകണമെന്ന് സംഘ്പരിവാര നേതാക്കള്‍ നിരന്തരം പ്രസ്താവനയിറക്കുകയും ചെയ്ത സാഹചര്യത്തിലും കണ്ടത് ഇതേ തന്ത്രമായിരുന്നു. അത്തരം നിലപാടുകളെ പിന്തുണക്കുന്നില്ലെന്ന പ്രസ്താവനയുമായി ചിലര്‍ രംഗത്തുവന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും വിളിച്ചുവരുത്തി ഉപദേശിച്ചുവെന്നോ ശാസിച്ചുവെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ രാഷ്ട്രപതി പലകുറി വിമര്‍ശിച്ച ശേഷം, രാഷ്ട്രപതി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന വാദവുമായി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു. ഭൂരിപക്ഷ മതത്തിന്റേത് എന്ന് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന കാര്യങ്ങളൊക്കെ രാജ്യത്തിന് ഗുണകരമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിന് പരമാവധി പ്രചാരം നല്‍കുകയും ചെയ്ത്, അവകളെ പിന്തുണക്കുന്നതല്ലേ രാജ്യസ്‌നേഹമെന്ന സംശയം ജനത്തില്‍ ഉണര്‍ത്തി, വിമര്‍ശമുന്നയിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി കാണേണ്ടതല്ലേ എന്ന തോന്നല്‍ ജനിപ്പിച്ച്, അതിനുശേഷമൊരു മിതവാദം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ സംരക്ഷിക്കുന്ന, ബഹുസ്വരതയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ, ഉത്തരവാദിത്തമുള്ള പാര്‍ട്ടിയും ഭരണകൂടവുമാണ് തങ്ങളെന്ന മിതസ്വരം.
ഈ തന്ത്രങ്ങളുടെ കേരളപ്പതിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കുമ്മനം രാജശേഖരന്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുകയും കേന്ദ്ര നേതൃത്വം (അമിത് ഷായെന്ന് പറയുന്നതാകും കൂടുതല്‍ ശരി) കേരളത്തിലെ കാര്യങ്ങളില്‍ കൂടുതലായി ഇടപെടുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇത് ഊര്‍ജിതമായത്. ഉത്തര്‍ പ്രദേശില്‍ പയറ്റിയ “ലവ് ജിഹാദ്” ആരോപണം ആദ്യം മുളപൊട്ടിയത് കര്‍ണാടകത്തിലും കേരളത്തിലുമായിരുന്നു. അതിന്‍മേല്‍ കാറ്റുപടര്‍ത്താനുള്ള ശ്രമങ്ങള്‍ അന്ന് കേരളത്തില്‍ വിലപ്പോയില്ല, കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും വെള്ളാപ്പള്ളി നടേശന്റെയും പിന്തുണയുണ്ടായിരുന്നിട്ട് കൂടി. ആ സാഹചര്യമല്ല ഇപ്പോഴെന്ന്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച അധിക വോട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര നേതൃത്വവും ആര്‍ എസ് എസ്സും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് വെറുപ്പിന്റെ വിത്തിറക്കാനുള്ള ശ്രമം പരസ്യമായി തന്നെ നടത്താന്‍ ബി ജെ പിയുടെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും ശ്രമം തുടങ്ങിയത്.
നോട്ട് പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സിനിമാ ഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി മറയാക്കി സംവിധായകന്‍ കമലിനെതിരെയും സംഘ്പരിവാരത്തിലെ ഒരു വിഭാഗം അഴിച്ചുവിടുന്ന ആക്രമണം ഈ ശ്രമങ്ങളുടെ ഭാഗമാണ്. രാജ്യ പുരോഗതി ലാക്കാക്കി “മഹാനായ” ഭരണാധികാരി അനുഷ്ഠിച്ച കര്‍മത്തെ വിമര്‍ശിക്കുന്ന സാഹിത്യകാരന്‍, ദേശീയത ഊട്ടിയുറപ്പിക്കുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മാനിക്കാന്‍ വിസമ്മതം കാട്ടുന്ന മുസ്‌ലിമായ സംവിധായകന്‍ ഇവര്‍ക്കു നേരെ നടത്തുന്ന ആക്രമണം സാമാന്യജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്ന തിരിച്ചറിവ് സംഘ്പരിവാരത്തിനുണ്ട്. ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയൊക്കെ രാജ്യസ്‌നേഹത്തിന്റെ കോലുകൊണ്ട് അളക്കാമെന്നും. ഇതിനെ പ്രതിരോധിക്കാനുയരുന്ന വാദങ്ങളൊക്കെ പരോക്ഷമായി (കപട) രാജ്യസ്‌നേഹത്തിന്റെയും (വ്യാജ) ദേശീയതയുടെയും പ്രചാരണത്തിന് ഉപയുക്തമാകുമെന്ന ബോധ്യം സംഘ്പരിവാരത്തിനുണ്ട്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വിമര്‍ശമുയരുക കൂടി ചെയ്താല്‍ പ്രചാരണത്തിന് കൊഴുപ്പ് കൂടും. അങ്ങനെ വിമര്‍ശിക്കപ്പെടുമ്പോള്‍, ആദ്യമുന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ.
മതനിരപേക്ഷ നിലപാടുകള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന വാഗ്വാദങ്ങളെപ്പോലെയല്ല ഇത്. അതില്‍ ഏത് ഭാഗത്തിന് പ്രാമുഖ്യം ലഭിച്ചാലും സമൂഹത്തില്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ വിത്തുകള്‍ മുളപ്പിക്കുന്നില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനെ പ്രതിരോധിക്കുമ്പോഴും വര്‍ഗീയവികാരം സൃഷ്ടിക്കാന്‍ പാകത്തിലുള്ള രണ്ട് തലയുള്ള വാളാണ് പ്രയോഗിക്കപ്പെടുന്നത്. അതിന്റെ ആഘാതം മനസ്സിലാകാത്തതുകൊണ്ടാണ് ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമായ എ എന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നത്. ആ വാക്കുകളിലെ വസ്തുതാപരമായ തെറ്റുകളോ ചരിത്ര നിഷേധമോ ഒന്നും വിഷയമാകാതെ ആഘോഷിക്കപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തിന് ശേഷം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മാത്രം പ്രാമുഖ്യം ലഭിച്ച സി കെ പത്മനാഭന്റെ വിമര്‍ശം വലിയ വാര്‍ത്തയാകുന്നത്. നമ്മുടെ സാമൂഹിക ഘടനയില്‍ സ്വാധീനമുറപ്പിച്ച വ്യക്തിത്വങ്ങളെ വിമര്‍ശിക്കാനും വിമര്‍ശത്തെ പ്രതിരോധിക്കാനും അര്‍ഹതയുള്ളവരാണോ അത് ചെയ്യുന്നത് എന്ന ന്യായമായ ചോദ്യം സ്വയം ഉന്നയിക്കേണ്ട കാലം കൂടിയാണ് ഇന്നത്തേത്. അതുണ്ടായില്ലെങ്കില്‍ വെറുപ്പിന്റെ വിത്തിറക്കാനുള്ള പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുകയാകും ഫലം.
ഫലശൂന്യമായ തര്‍ക്കങ്ങള്‍ വാര്‍ത്താ വിസ്‌ഫോടനമായി കണക്കാക്കപ്പെടുന്ന കാലത്ത്, ഇതും ആ ഗണത്തില്‍ ഇരിക്കട്ടെ എന്ന ചിന്ത അത്ര നിഷ്‌കളങ്കമല്ല തന്നെ. വലിയ അക്ഷരങ്ങളില്‍ മിന്നിമറയുന്ന വാര്‍ത്തക്കപ്പുറത്ത് എ എന്‍ രാധാകൃഷ്ണനെയും സി കെ പത്മനാഭനെയും നിയന്ത്രിക്കുന്ന അജന്‍ഡകളുണ്ട്. ആ അജന്‍ഡകളെ കൃത്യമായി വിക്ഷേപിക്കുന്ന ശക്തികളുമുണ്ട്. തീവ്ര – മിത ദ്വയത്തെ നിര്‍വചിച്ച് സംഘ് അജന്‍ഡകള്‍ക്ക് അധികാരത്തില്‍ ഇടം നല്‍കിയ ചരിത്രം അത്ര അകലെയുള്ളതല്ല. ഒരേ അജന്‍ഡയില്‍ വേരൂന്നി പലവിധത്തില്‍ സംസാരിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളില്ലെന്ന മനസ്സിലാക്കലും പ്രധാനമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest