Connect with us

Gulf

തൊഴില്‍ മാറ്റം: സമാന രാജ്യം, ലിംഗം, പ്രൊഫഷന്‍ നിബന്ധന ഒഴിവാക്കി

Published

|

Last Updated

ദോഹ: പ്രവാസികളുടെ തൊഴില്‍ മാറ്റത്തിന് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന വ്യവസ്ഥകളില്‍ ചിലത് ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം മാറ്റം വരുത്തിയതായി അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍നിന്നും മറ്റൊരു കമ്പനിയിയിലേക്ക് വിസ മാറുന്നതിന് പുതിയ കമ്പനിയില്‍ രാജ്യവും ലിംഗവും സമാന പ്രൊഫഷനും ചേര്‍ന്നു വരുന്ന വിസ ക്വോട്ട ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വെച്ച പ്രത്യേക വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് ലിങ്കില്‍ നിന്നാണ് ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയിരിക്കുന്നത്.
നേരത്തെ പുതിയ കമ്പനിയില്‍ സമാന രാജ്യവും ലിംഗവും പ്രൊഫഷനും ചേര്‍ന്നു വന്നാല്‍ മാത്രമെ തൊഴില്‍ മാറ്റത്തിന് സാധിക്കുമായിരുന്നുള്ളൂ. വിസ മാറ്റത്തിന് പുതിയ മാനദണ്ഡം വന്നത് ജോലിക്കാരെ റിക്രൂട്ട് ചെയ്ത കമ്പനികളെയും ജോലിക്കാരെയും ഒരുപോലെ വലച്ചിരുന്നു. കമ്പനികളില്‍ മതിയായ നിബന്ധന ചേര്‍ന്നു വരുന്ന വിസ ക്വാട്ടയില്ലെന്നതാണ് പ്രശ്‌നം. വിസ ക്വാട്ടയില്ലെങ്കിലും ആവശ്യമായ ജീവനക്കാരെ മറ്റു കമ്പനികളില്‍ നിന്നും വിസ മാറ്റത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു ഇതു വരെ നിലനിന്നിരുന്ന സൗകര്യം. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വര്‍കര്‍ നോട്ടീസ് ഇ സര്‍വീസ് ലിങ്കില്‍ എംപ്ലോയര്‍ ചേഞ്ച്, ലീവ് ദ കണ്‍ട്രി സേവനങ്ങള്‍ പ്രവാസികള്‍ക്ക് ഉപയോഗപ്പെടുത്താം. ഖത്വര്‍ ഐ ഡിയും മൊബൈല്‍ നമ്പറും നല്‍കിയാല്‍ സേവനം ലഭിക്കും. തുടര്‍ന്ന് മൊബൈല്‍ ഫോണിലേക്ക് വരുന്ന പിന്‍ നമ്പര്‍ നല്‍കിയാല്‍ തൊഴില്‍, പ്രായം, തൊഴിലുടമകളുടെ വിവരങ്ങള്‍ തുടങ്ങിയവ തൊഴിലാളിക്ക് ലഭിക്കും. തുടര്‍ന്ന് താഴ്ഭാഗത്തുള്ള തൊഴില്‍ മാറ്റം, രാജ്യം വിടുക തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ശേഷം അറ്റസ്റ്റ് ചെയ്ത കരാര്‍ കോപ്പി അപ്‌ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
തൊഴില്‍ മാറ്റത്തെ തടയുന്ന നിയന്ത്രണങ്ങളൊന്നും പുതിയ തൊഴിലുടമക്ക് ഉണ്ടാകരുതെന്ന വ്യവസ്ഥയാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ളത്. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ കരാര്‍ അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. കാലാവധി കൃത്യമായി പറയുന്ന കരാറുകളിലാണിത്. അതേസമയം കാലാവധി കൃത്യമായി പറയത്താ കരാറുകളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കാലയളവ് സര്‍വീസില്‍ ഉണ്ടായിരിക്കണം. അഞ്ച് വര്‍ഷ സര്‍വീസ് ആണെങ്കില്‍ 30 ദിവസവും അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതലാണെങ്കില്‍ 60 ദിവസവുമാണ്. ആര്‍ബിട്രറീനസ്, കണ്‍സിലിയേഷന്‍ കേസുകളില്‍ അവ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം.

---- facebook comment plugin here -----

Latest