Connect with us

Gulf

പരിസ്ഥിതി സംരക്ഷണം; നഗരത്തിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു

Published

|

Last Updated

അനധികൃത ബോര്‍ഡില്‍ നഗരസഭാ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നോട്ടീസ് പതിക്കുന്നു

അബുദാബി: പരിസ്ഥിതിയെ കളങ്കപ്പെടുത്തുന്ന നഗരത്തിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ അബുദാബി നഗരസഭ ശക്തമായ നടപടി ആരംഭിച്ചു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്

കാല്‍നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച 626 പരസ്യ ബോര്‍ഡുകള്‍ നഗരസഭ നീക്കംചെയ്തു. അബുദാബി അല്‍ വത്ബയില്‍ വേസ്റ്റ് മാനേജ്‌മെന്റ് അബുദാബിയുമായി സഹകരിച്ചു വഴിയോരങ്ങളിലും റൗണ്ട്എബൗട്ടുകളിലും ക്രമരഹിതമായി സ്ഥാപിച്ച 78 ബോര്‍ഡുകള്‍ നീക്കം ചെയ്തതായും 13 ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കിയതായും നഗരസഭ അല്‍ വത്ബ സെന്റര്‍ അറിയിച്ചു.
ബനിയാസ് ഈസ്റ്റില്‍ സമാനമായ പ്രചാരണങ്ങള്‍ സമാരംഭിച്ചു. ഒന്നാംഘട്ടത്തില്‍ ബനിയാസ് വെസ്റ്റ്, ശംഖ, ശവാമഖ്, എന്നിവിടങ്ങളില്‍ 12 പേര്‍ക്ക് 1000 ദിര്‍ഹം വീതം പിഴ ചുമത്തി. അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ എമിറേറ്റിന്റെ പരിധിയില്‍ നഗരസഭാ കാമ്പയിന്‍ ആരംഭിച്ചു. അല്‍ ഫലാഹില്‍ റോഡുകള്‍, കെട്ടിടങ്ങള്‍, പൊതു സ്ഥലങ്ങള്‍, റൗണ്ട്എബൗട്ടുകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തു. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ബോധവല്‍കരണ ലഘുലേഖ പുറത്തിറക്കുമെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി.

പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന് സമൂഹത്തിനിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ശഹാമ, സംഹ, റഹ്ബ എന്നിവിടങ്ങളില്‍ നിന്നും 423 അനധികൃത ബോര്‍ഡുകള്‍ നീക്കംചെയ്തതായി നഗരസഭ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
നിയമം ലംഘിച്ചു ബസ് ഷെല്‍ട്ടറുകള്‍, കെട്ടിടത്തിന്റെ അതിരടയാളങ്ങള്‍ എന്നിവിടങ്ങളില്‍ അനധികൃത പരസ്യം പതിച്ചാല്‍ 1000 ദിര്‍ഹം പിഴയും മറ്റു നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

 

Latest