Connect with us

Gulf

അല്‍ വക്‌റയില്‍ സമഗ്ര ഓട്ടിസം കേന്ദ്രം വരുന്നു

Published

|

Last Updated

ദോഹ: ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അല്‍ വക്‌റയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സംയോജിത ഓട്ടിസം കേന്ദ്രം ആരംഭിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) പദ്ധതിയിടുന്നു. എല്ലാവിധ സൗകര്യങ്ങളോടെയും കെട്ടിടം തയ്യാറായിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി ഓട്ടിസം സംബന്ധിച്ച് ഖത്വര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഓട്ടിസം കേസുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ പഠനം സഹായിക്കും. ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നും റഫര്‍ ചെയ്യപ്പെടുന്ന കേസുകള്‍ സ്വീകരിക്കുന്നതില്‍ വലിയ പുരോഗതിയാണ് കേന്ദ്രം വഴിയുണ്ടാകുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് എം സി നടത്തുന്ന സര്‍വേയില്‍ കണ്ടെത്തുന്ന കേസുകളും ഈ കേന്ദ്രത്തിലേക്കാണ് എത്തുക. ഓട്ടിസം ബാധിച്ച 200 കുട്ടികളാണ് വര്‍ഷം തോറും ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ എത്തുന്നത്. മൊത്തം ഓട്ടിസം കേസുകള്‍ എഴുന്നൂറെണ്ണം കവിഞ്ഞിട്ടുണ്ട്. ശഫല്ല സെന്റര്‍ പോലെയുള്ള കേന്ദ്രങ്ങളിലും പ്രൈവറ്റ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓട്ടിസം ബാധിച്ച കുട്ടികളെ തിരിച്ചറിയുന്നുണ്ട്.

ഓട്ടിസം ഇല്ലാതാക്കുന്നതിന് നിരവധി പദ്ധതികളാണ് ഖത്വര്‍ നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാഷനല്‍ വര്‍കിംഗ് ഗ്രൂപ്പ് ഫോര്‍ ഓട്ടിസം രൂപവത്കരിച്ചിരുന്നു. സ്‌പെഷ്യാലിറ്റീസ് ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഭരണപാടവമുള്ളവര്‍, മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് വര്‍കിംഗ് ഗ്രൂപ്പ്.

 

Latest