Connect with us

Kerala

മാവോയിസ്റ്റ് വധം: പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളും നിഗമനങ്ങളും എഫ് ഐ ആറും മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള സമഗ്രറിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കാന്‍ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ നിയമനം, നിയോഗം, നിയന്ത്രണം എന്നിവയിലൊന്നും ജില്ലാ പോലീസ് മേധാവിക്ക് നിയമപരമായ ചുമതല ഉണ്ടായിരുന്നതായോ, ഉള്ളതായോ കരുതുന്നില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
വെടിവെപ്പിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി അയച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. സംഭവത്തില്‍ സി ആര്‍ പി സി 158, 176 വകുപ്പു പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് രേഖാസഹിതം കമ്മീഷനെ അറിയിക്കണം. ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്‌ട്രേറ്റ് തല അനേ്വഷണം നടന്നോ എന്നും അനേ്വഷണം ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിരുന്നോ എന്നും അറിയുന്നതിന് വേണ്ടിയാണ് ഇത്.

മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ തൃപ്തികരവും ശ്രദ്ധാപൂര്‍വവുമായ നപടികള്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നതായും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. തണ്ടര്‍ബോര്‍ട്ട് കമാന്‍ഡോമാരും എ എന്‍ എസ് ടീമുമാണ് നിലമ്പൂര്‍ വനമേഖലയില്‍ നിയുക്തരായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ നയിച്ചത് ഏതു റാങ്കിലുള്ള ഉദേ്യാഗസ്ഥനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. സേനാംഗങ്ങള്‍ നടത്തിയ ബലപ്രയോഗം അനിവര്യമായിരുന്നോ നീതിവത്കരിക്കാവുന്ന അളവിലായിരുന്നോ തുടങ്ങിയവ സംഭവവുമായി ബന്ധമുള്ളവരെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍ തന്നെയാണ് അനേ്വഷിക്കേണ്ടത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നിശബ്ദമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ജില്ലാ, സംസ്ഥാന പരിധിക്കുള്ളിലൊതുങ്ങാത്ത ചില ഘടകങ്ങള്‍ അടങ്ങിയതിനാലാണ് കമ്മീഷന്‍ ഡി ജി പിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതെന്ന് ഉത്തരവില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയാലാണ് നടപടി.

Latest