Connect with us

Editorial

സ്‌കൂള്‍ പ്രവേശത്തിന് ഇങ്ങനെയും ഒരു ചട്ടം!

Published

|

Last Updated

രണ്ടിലേറെ മക്കളില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ പ്രവേശം നല്‍കൂവെന്ന് തീരുമാനിച്ചിരിക്കുകയാണത്രെ ഡല്‍ഹി രാജേന്ദ്ര നഗറിലെ സല്‍വാര്‍ സ്‌കൂള്‍ മാനേജ്‌മെന്റ്. മാതാപിതാക്കള്‍ക്ക് എത്ര കുട്ടികളുണ്ടെന്ന് രേഖപ്പെടുത്താന്‍ പ്രത്യേക കോളമുണ്ട് ഈ സ്ഥാപനത്തിലെ പ്രവേശത്തിനുള്ള അപേക്ഷാ ഫോറത്തില്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ പ്രവേശത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും ഫോറത്തില്‍ നിര്‍ദേശിക്കുന്നു. കുട്ടികള്‍ രണ്ടില്‍ കൂടുതല്‍ പാടില്ലെന്ന നിബന്ധന ഇവിടെ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥിക്കും ബാധകമാണ്. ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്ത് സന്താന നിയന്ത്രണത്തിന് സമൂഹത്തെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരം ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യ നേടാനുള്ള സാഹചര്യം മൗലികാവകാശമാണ്. ഭരണഘടന നല്‍കിയ ഉറപ്പിനും വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണ് ഡല്‍ഹി രാജേന്ദ്ര നഗറിലെ സല്‍വാര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം. സന്താനനിയന്ത്രണം രാജ്യം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിന് രാജ്യത്ത് വിലക്കില്ല. അല്ലെങ്കിലും തന്റെ മാതാവ് രണ്ടില്‍ കൂടുതല്‍ പ്രസവിച്ചതിന് കുട്ടികളെന്ത് പിഴച്ചു? ഇപ്പേരില്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് എന്ത് ന്യായീകരണമുണ്ട്? മാത്രമല്ല, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സന്താനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് പല വിദഗ്ധരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. അത് രാജ്യത്തെ മനുഷ്യ വിഭവശേഷിയെ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ബന്ധിത സന്താന നിയന്ത്രണം നടപ്പാക്കിയ ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് പിന്നിട് ആ നിയമം പുനഃപരിശോധിക്കേണ്ടി വന്നതും പ്രസ്താവ്യമാണ്.
വിദ്യാസമ്പന്നരായ ജനത ഒരു രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണ്. സമൂഹത്തില്‍ വിദ്യാഭ്യാസം വ്യാപകവും സാര്‍വത്രികവുമാക്കുന്നതിനുള്ള തീവ്രശ്രങ്ങളാണ് ഭരണകൂടങ്ങളെല്ലാം നടത്തി വരുന്നത്. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സര്‍വാത്മനാ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ ബാഹ്യമായ വിഷയങ്ങളെ ചൊല്ലി കുട്ടികള്‍ക്ക് പ്രവേശം നിഷേധിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവതല്ല. രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, വയസ്സ് തുടങ്ങിയവ അന്വേഷിക്കാറുണ്ട് കുട്ടികളുടെ പ്രവേശ ഘട്ടത്തില്‍ ചില സ്ഥാപനങ്ങള്‍. വാചാപരീക്ഷ, അഭിമുഖം എന്നിവയിലൂടെ കുട്ടികളുടെ നിലവാരം നോക്കി മാത്രം പ്രവേശം നല്‍കുന്നവരുമുണ്ട്. ഇതൊക്കെയും നിയമവിധേയമല്ലാത്ത ചട്ടങ്ങളാണ്. ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നേരത്തെ ഏകപക്ഷീയമായ ഇത്തരം നിബന്ധനകളുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ അവ എടുത്തുകളഞ്ഞു. സല്‍വാര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയും നീക്കം ചെയ്യേണ്ടതാണ്.

ചില സ്ഥാപനങ്ങളില്‍ പര്‍ദയും മഫ്തയും ധരിച്ചവര്‍ക്ക് പ്രവേശം നല്‍കുന്നില്ല. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ അപമാനിക്കുകയും സംസ്‌കാര ശൂന്യമായ ഭാഷയില്‍ ശകാരിക്കുകയും ചെയ്തത് വിവാദമായതാണ്. തിരുവനന്തപുരം പൂന്തുറ സെന്റ് ഫിലോമിന സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ഥിനികളുടെ മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധിച്ചു അഴിച്ചുമാറ്റിയതുള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ വേറെയുമുണ്ട്. പെണ്‍കുട്ടികളെ മുട്ടിന് താഴെ വരെയുള്ള പാവാട ധരിക്കാന്‍ അനുവദിക്കാത്ത സ്ഥാപങ്ങളുമുണ്ട് രാജ്യത്ത്. ഇതിന്റെ താത്പര്യമെന്തായിരിക്കും? യൂനിഫോമിന്റെ പേരിലാണത്രെ ഇതെല്ലാം. എന്നാല്‍ പര്‍ദക്കും മഫ്തക്കും വിലക്കേര്‍പ്പെടുത്തിയ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സിസ്റ്റര്‍മാര്‍ക്ക് തല മറയുന്ന വസ്ത്രവും ഹൈന്ദവ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകളില്‍ സന്യാസിനിമാരായ സ്ത്രീകള്‍ക്ക് കാവി നിറത്തിലുള്ള വസ്ത്രവും ധരിക്കുന്നതിന് വിലക്കില്ല. മുസ്‌ലിംകളുടെ പ്രത്യേക വേഷങ്ങള്‍ അണിഞ്ഞാല്‍ മാത്രമേ ഈ സ്ഥാപനങ്ങളിലെ യൂനിഫോമിറ്റി നഷ്ടമാവുകയുള്ളൂ!

വര്‍ഗീയവും വംശീയവുമായ സങ്കുചിത താത്പര്യങ്ങളെ മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല. വ്യക്തിത്വ വികസനത്തിനും സാമൂഹിക പുരോഗതിക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും ലഭ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. ഇത്തരം കഴിവുകളും മൂല്യങ്ങളുമുള്ള പൗരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നതിനാല്‍ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസം ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു വേണം സ്ഥാപനങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും തയ്യാറാക്കാന്‍. ഇതിന് വിഘാതമാകുന്ന നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് കടുത്ത അനീതിയും സാമൂഹിക നീതിയുടെ ലംഘനവുമാണ്.

---- facebook comment plugin here -----

Latest