Connect with us

Kerala

അടുത്ത മാസത്തോടെ സംസ്ഥാനത്ത് കൊടും വരള്‍ച്ചക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: അടുത്ത മാസത്തോടെ തന്നെ സംസ്ഥാനത്ത് കൊടും വരള്‍ച്ചക്ക് സാധ്യതയുള്ളതായി ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 44 നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലത്തിന്റെ അളവില്‍ വലിയ കുറവാണുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു പുഴകളിലെ വെള്ളം കുറഞ്ഞിരുന്നതെങ്കില്‍ ഇത്തവണ ഡിസംബറില്‍ തന്നെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഫെബ്രുവരി ആദ്യവാരം തന്നെ കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങും.
ഭൂഗര്‍ഭ ജലത്തിന്റ അളവ് ക്രമാതീതമായി കുറയുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കുടിവെള്ളത്തിനും കൃഷിക്കുമായി ഉപയോഗിക്കുന്ന അണക്കെട്ടുകളിലെ കരുതല്‍ ശേഖരം സ്ഥാപിതശേഷിയുടെ മുപ്പത് ശതമാനത്തില്‍ താഴെയാണ്. ഇതില്‍ പതിനഞ്ച് ശതമാനം ജലം മാത്രമേ വിതരണത്തിനുപയോഗിക്കാന്‍ കഴിയൂ.
സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയെങ്കിലും ഇതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്. നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതോടെ ശുരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലവിതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയിലെ കണക്ക് പ്രകാരം 52.11 ക്യുബിക് മീറ്ററാണ് അണക്കെട്ടിലെ ജലത്തിന്റ അളവ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 116 ക്യുബിക് മീറ്റര്‍ ആയിരുന്നു. മറ്റ് അണക്കെട്ടുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. കണ്ണൂര്‍ പഴശ്ശി അണക്കെട്ടില്‍ 25.14 ക്യൂബിക് മീറ്ററും കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 52.6 ശതമാനവും മാത്രമാണ് വെള്ളം. തെക്കന്‍ കേരളത്തിലെ മണിയാറില്‍ 8.45 ക്യുബിക് മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടില്‍ ഇനി തൊണ്ണൂറ് ദിവസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്. ഇതോടെ മാര്‍ച്ച് മാസമാകുമ്പോഴേക്കും തലസ്ഥാനത്ത് ജലവിതരണം പൂര്‍ണമായും നിലക്കും. കേന്ദ്ര ഭൂജല വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഭൂഗര്‍ഭ ജലനിരപ്പ് രണ്ട് മുതല്‍ നാല് വരെ മീറ്റര്‍ കുറഞ്ഞിട്ടുണ്ട്.
14 ജില്ലകളിലായി 1,334 കിണറുകളില്‍ നടത്തിയ പഠനത്തില്‍ 1,107 എണ്ണത്തിലും (82.92 ശതമാനം) ജലനിരപ്പ് താഴ്ന്നതായാണ് കണ്ടെത്തല്‍. അതേസമയം, ചെറുകിട ജലവിതരണ പദ്ധതികള്‍ നടപ്പാക്കുന്നതിനും കുഴല്‍ കിണറുകളുടെ അറ്റകുറ്റപ്പണിക്കുമായി 12.47 കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കാനുള്ളതാണ് പദ്ധതികള്‍.

 

---- facebook comment plugin here -----

Latest