Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്- എസ്പി സഖ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും 90 സീറ്റ് വരെ നല്‍കിയേക്കുമെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഷീല ദീക്ഷിത് സ്ഥാനമൊഴിയുകയും ചെയ്തു. നേരത്തെ സഖ്യ സാധ്യതകള്‍ സൂചിപ്പിച്ച് അഖിലേഷിന് വേണ്ടി വഴിമാറാന്‍ ഒരുക്കമാണെന്ന് ഷീല ദീക്ഷിത് പറഞ്ഞിരുന്നു.തന്നേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഖിലേഷിനാവുമെന്നും ഷീലാദീക്ഷിത്ത് ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നത്. 43 വയസുകാരനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടര്‍ച്ചയായി ഭരണ പിടിക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യ എതിരാളികളായ മായാവതിയേയും ബിജെപിയേയും വീഴ്ത്താന്‍ കോണ്‍ഗ്രസ് പിന്തുണ അനിവാര്യമാണെന്നാണ് അഖിലേഷിന്റെ ചിന്ത. പിതാവ് മുലായം സിംഗ് യാദവുമായുണ്ടായ പോരും രണ്ട് ചേരിയായതും തിരിച്ചടിക്കുമെന്നിരിക്കെ കോണ്‍ഗ്രസ് ഒപ്പമുള്ളത് ബലം നല്‍കുമെന്നാണ് അഖിലേഷ് കരുതുന്നത്.
403 നിയമസഭ മണ്ഡലങ്ങളിലാണ് യുപിയില്‍ മല്‍സരം നടക്കുന്നത്. ഫെബ്രുവരി 11ന് ആരംഭിച്ച് ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാവുക.

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവ് നേതൃത്വം കൊടുക്കുന്ന വിഭാഗത്തിന് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് അഖിലേഷ് യാദവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിരുന്നു.

അതിനിടെ മുലായംസിംഗ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളതെന്നും അഖിലേഷ് വ്യക്തമാക്കി.

 

 

Latest