Connect with us

Gulf

മുശ്‌രിഫ് പാര്‍കില്‍ സാഹസിക ഉദ്യാനമൊരുക്കി ദുബൈ നഗരസഭ

Published

|

Last Updated

മുശ്‌രിഫ് പാര്‍കിലെ സാഹസിക ഉദ്യാനത്തില്‍ നഗരസഭാ ഡയറക്ടര്‍ ജനറല്‍
എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയും ഉദ്യോഗസ്ഥരും

ദുബൈ: മുശ്‌രിഫ് പാര്‍കില്‍ ഗാഫ് മരങ്ങള്‍ തണലൊരുക്കുന്നിടത്ത് കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന യു എ ഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉല്ലാസത്തിനും സാഹസികതക്കും പ്രകൃതി സൗഹൃദ സാഹസിക ഉദ്യാനമൊരുക്കി ദുബൈ നഗരസഭ. നൂതന ഉദ്യാനം കഴിഞ്ഞ ദിവസം ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ദുബൈ നഗരസഭയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പാരിസ്ഥിതിക പുരോഗതിക്കൊപ്പം കുടുംബ ജീവിതത്തില്‍ കൂടുതല്‍ കെട്ടുറപ്പും ഉല്ലാസ നിമിഷങ്ങളും പ്രദാനം ചെയ്യുന്നതിനാണ് സംരംഭമെന്ന് എന്‍ജി. ലൂത്ത ചൂണ്ടിക്കാട്ടി. സാമൂഹിക പുരോഗതിക്ക് നഗരസഭ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സൗഹൃദപരമായ അന്തരീക്ഷത്തില്‍ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും ഇത്തരം ഉദ്യാനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തടാകങ്ങള്‍, പൂക്കള്‍, നടപ്പാതകള്‍, വിപുലമായ സൗകര്യങ്ങള്‍ എന്നിവ പുതിയ ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്.
35,000 ചതുരശ്രയടിയില്‍ മുശ്‌രിഫ് പാര്‍കിന്റെ ഒരു ഭാഗത്താണ് പ്രകൃതി സൗഹൃദ ഉദ്യാനം തയ്യാറാക്കിയിട്ടുള്ളത്. സവിശേഷ മരങ്ങളാല്‍ സമ്പുഷ്ടമായ ഉദ്യാനം സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ആനന്ദവും ഉല്ലാസവും പ്രകൃതിയോട് കൂടുതല്‍ ഇടപഴകാനുള്ള മികച്ച അവസരവുമാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദിനംപ്രതി 600 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഉദ്യാനത്തില്‍ ആദ്യ വര്‍ഷം 23,000 പേരും, തൊട്ടടുത്ത വര്‍ഷം 35,000 പേരും നാലാം വര്‍ഷത്തിന്റെ അവസാനത്തോടെ 69,000 പേരും എത്തുമെന്നാണ് പ്രതീക്ഷ.
പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഇടമൊരുക്കിയിട്ടുള്ള ഉദ്യാനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കമ്പനി ജീവനക്കാര്‍ക്കും പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് കൂടുതല്‍ അവസരമൊരുക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
5000 ചതുരശ്ര മീറ്റര്‍ ഭാഗത്താണ് പരിശീലന കേന്ദ്രമൊരുക്കിയിട്ടുള്ളത്. 30,000 ചതുരശ്ര മീറ്റര്‍ ഭാഗം ഉദ്യാനത്തിന്റെ മറ്റു സവിശേഷ ഭാഗങ്ങളാണ്. ആറ് വയസുമുതലുള്ളവര്‍ക്ക് വിവിധ ഉല്ലാസ പരിപാടികളും ഉദ്യാനത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു.

Latest