Connect with us

National

നോട്ട് അസാധുവാക്കല്‍: ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി ആര്‍ബിഐ ഗവര്‍ണര്‍

Published

|

Last Updated

ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്റ് ധനകാര്യ സമിതി(പിഎസി)യുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് പിന്‍വലിച്ചതിന് ശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെകുറിച്ച് കൃത്യമായി പറയാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്ന് കമ്മിറ്റി അംഗം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ആര്‍ബിഐ ഗവര്‍ണര്‍ക്ക് മറുപടിയുണ്ടായില്ല. നോട്ടുനിരോധനത്തിന് ശേഷം 9.2 ലക്ഷം രൂപയുടെ പുതിയ കറന്‍സിയാണ് വിതരണം ചെയ്തതെന്ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മറ്റിയോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി തലവനായ ധനകാര്യവിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് മുമ്പിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് ഹാജരായത്. വെള്ളിയാഴ്ച്ച അദ്ദേഹം പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക്(പിഎസി) മുമ്പിലും ഹാജരായ വിശദീകരണം നല്‍കും. നോട്ടുനിരോധന തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന് തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് പിഎസി ആര്‍ബിഐ ഗവര്‍ണറോട് ചോദിച്ചിരുന്നത്.

ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞില്ലെങ്കില്‍ വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിളിച്ചുവരുത്തുമെന്ന് പിഎസി തലവന്‍ കെവി തോമസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ കമ്മറ്റിയിലെ ബിജെപി അംഗങ്ങള്‍ രംഗത്ത് വരുകയുണ്ടായി.

2016 നവംബര്‍ എട്ടിന് രാത്രിയാണ് 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Latest