Connect with us

Kerala

സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ലെന്ന് ആര്‍ബിഐ: കൂടുതല്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ല എന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയത് സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണെങ്കിലും റിസര്‍വ് ബാങ്ക് ഇങ്ങനെ പറഞ്ഞതിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

സംസ്ഥാനത്തെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ല എന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയത് സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണെങ്കിലും റിസര്‍വ് ബാങ്ക് ഇങ്ങനെ പറഞ്ഞതിന് നന്ദിയുണ്ട്. നബാര്‍ഡ് കേരള റീജ്യണല്‍ ഓഫീസ് സംഘടിപ്പിച്ച സ്‌റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.
ഏറ്റവും വലിയ അവമതിപ്പിനാണ് കേരളത്തിലെ സഹകരണ മേഖല ഇരയായത്. ഈ മേഖലയാകെ കള്ളപ്പണക്കാരുടെ കേന്ദ്രമാണെന്നാണ് പ്രചരിപ്പിച്ചത്. ഒപ്പം വിതണ്ഡ സാങ്കേതികവാദങ്ങളും ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ വികാരം മനസ്സിലാക്കി നിലകൊണ്ടത് നബാര്‍ഡാണ്. സംസ്ഥാനത്തെ സഹകരണമേഖലയുടെ ശക്തിയും ദൗര്‍ബല്യവും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് നബാര്‍ഡ്. തങ്ങളുടെ കുഞ്ഞുങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ നബാര്‍ഡ് തയ്യാറായില്ല.
ഇന്ത്യയിലെ വായ്പാമേഖലയില്‍ ഏറ്റവും മികച്ചത് കേരളത്തിലെ വായ്പാമേഖലയാണെന്നതില്‍ തര്‍ക്കമില്ല.

ജനങ്ങളുമായുള്ള ആത്മബന്ധം സഹകരണമേഖലയുടെ പ്രത്യേകതയാണ്. ആ ജനകീയമുഖത്തിന്റെ ഭാഗമായാണ് നീതി സ്‌റ്റോറുകളും മറ്റും നടത്തുന്നത്. ജനകീയമായ കാര്യങ്ങള്‍ വേണ്ട, ബാങ്കിംഗ് ഇടപാടുകള്‍ മാത്രം മതിയെന്നാണ് പറയുന്നത്. അതുമാത്രമായാല്‍ ജനകീയ സ്ഥാപനമായി നിലനില്‍ക്കാനാവില്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള സഹകരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല.

Latest