Connect with us

Ongoing News

വേദിയെച്ചൊല്ലി തര്‍ക്കം; കോല്‍ക്കളി നിര്‍ത്തിവെച്ചു

Published

|

Last Updated

കണ്ണൂര്‍: കോല്‍ക്കളിയുടെ വേദിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചു. ഒടുവില്‍ വേദി മാറ്റേണ്ടി വന്നു. ഇത് കാരണം മത്സരം തുടങ്ങാന്‍ മണിക്കൂറോളം താമസിച്ചു.

ഇന്നലെ ഉച്ചയോടെ വേദി രണ്ട് കബനിയിലായിരുന്നു നാടകീയ സംഭവം. ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരം തുടങ്ങാനിരിക്കെയാണ് വേദിയെ ചൊല്ലി പരാതിയുണ്ടായത്. ആദ്യ മത്സരാര്‍ഥികള്‍ കോട്ടയം കടുത്തിരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു. കുട്ടികള്‍ വേദിയില്‍ കയറി മത്സരം തുടങ്ങാനിരിക്കെയാണ് പ്രസ്തുത വേദിയില്‍ കളിക്കാന്‍ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചത്.
സ്റ്റേജ് ഇളകുന്നുണ്ടെന്നും ചെരിവുണ്ടെന്നും നിലത്ത് വിരിച്ച മാറ്റില്‍ വെച്ച് വഴുതി വീഴാന്‍ സാധ്യതയുണ്ടെന്നും കുട്ടികളും അധ്യാപകരും സംഘാടകരോട് പറഞ്ഞു. പ്രസ്തുത വേദിക്ക് തകരാറില്ലെന്നും കളിക്കാന്‍ തയ്യാറാകണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടെങ്കിലും കളിക്കാന്‍ തയ്യാറായില്ല. കോട്ടയം ടീമിന്റെ പരാതി മറ്റ് ടീമുകളും ഉന്നയിച്ചതോടെ മത്സരം നിര്‍ത്തി വെക്കേണ്ടി വന്നു. തുടര്‍ന്ന് ഡി പി ഐയും എ ഡി പി ഐയും എത്തി വേദി പരിശോധിച്ച് സാങ്കേതിക വിഭാഗം പരിശോധിച്ച് യാതൊരു തകരാറുമില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും കുട്ടികള്‍ കൂടെ വന്നവരും കബനി വേദിയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് രണ്ടര മണിക്കൂറോളം സമയം പരിപാടി തന്നെ നിര്‍ത്തി വെച്ച് തര്‍ക്കം തുടര്‍ന്നു.

ഇതിനിടെ സദസ്സില്‍ മത്സരം കാണാനായി തടിച്ചു കൂടിയവര്‍ ബഹളവും മുദ്രാവാക്യം വിളിയും ആരംഭിച്ചു. കോല്‍ക്കളി കാണാനായി ആയിരങ്ങളാണ് കബനിയില്‍ ഉച്ച മുതല്‍ കാത്തിരുന്നത്. എന്നാല്‍ അഞ്ച് മണിയോടെ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. വേദി രണ്ട് ചന്ദ്രഗിരിയിലേക്കാണ് ഒടുവില്‍ മാറ്റിയത്. എന്നാല്‍ ഈ സമയം ഹയര്‍ സെക്കന്‍ഡറി വിഭാഗം വൃന്ദവാദ്യ മത്സരം ആരംഭിച്ചിരുന്നു. അത് കഴിഞ്ഞ് രാത്രി വൈകിയാണ് കോല്‍ക്കളി മത്സരം ആരംഭിച്ചത്. മത്സരം സമാപിക്കുമ്പോള്‍ പുലര്‍ച്ചെയായിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന കോല്‍ക്കളി മത്സരവും വേദിയിലെ തകരാര്‍ മൂലം തുടങ്ങാന്‍ അഞ്ച് മണിക്കൂറോളം സമയംനിര്‍ത്തി വെക്കേണ്ടി വന്നതായും ഇത് സംഘാടകര്‍ക്ക് പാഠംമാകേണ്ടിയിരുന്നതായും ഒരു പരിശീലകന്‍ പറഞ്ഞു. തലേ ദിവസം തന്നെ വേദിയുടെ തകരാര്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായുള്ള ടീമിന്റെ വാദം ശരിയല്ലെന്നും മത്സരം തുടങ്ങാന്‍ വേദിയില്‍ കയറിയപ്പോള്‍ മാത്രമാണ് പരാതി പറഞ്ഞതെന്നും സംഘാടകര്‍ പറഞ്ഞു.