Connect with us

Kerala

സാംസ്‌കാരിക നായകരെ വീണ്ടും കടന്നാക്രമിച്ച് ബി ജെ പി പ്രമേയം

Published

|

Last Updated

കോട്ടയം: പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ സാംസ്‌കാരിക നായകര്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി ബി ജെ പി രാഷ്ട്രീയ പ്രമേയം. കേരളത്തില്‍ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അതിക്രമം നടക്കുമ്പോള്‍ പ്രഖ്യാപിത മനുഷ്യാവകാശ സംഘടനകളും സാംസ്‌കാരിക നായകരും ഭയാനകമായ മൗനം ദീക്ഷിക്കുകയാണെന്ന് കോട്ടയത്ത് സമാപിച്ച ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുന്നത് ഇവര്‍ കാണുന്നില്ലേ? ഇവരുടെ നീതിബോധം സാംസ്‌കാരിക കേരളം വിലയിരുത്തണം. ആയുധം താഴെ വെക്കാന്‍ സി പി എം തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരും. സി പി എം അനുകൂലികളായ ബേങ്ക് ഉദ്യോഗസ്ഥര്‍ നോട്ടു നിരോധനത്തിലൂടെ മോദി നടത്തിയ സാമ്പത്തിക പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു.
മോദിയെ എതിര്‍ക്കുന്നവര്‍ എന്നും സംഘ്പരിവാരത്തിന്റെ കണ്ണിലെ കരടാണെന്നാണ് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം നല്‍കുന്ന സന്ദേശം. സി കെ പത്മനാഭനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടും നടപടിയെടുക്കാന്‍ കഴിയാതെ പോയതില്‍ ഇടഞ്ഞു നില്‍ക്കുന്ന ആര്‍ എസ് എസ്സിനെ അനുനയിപ്പിക്കാനാണ് കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കെതിരെ ബി ജെ പി രാഷ്ട്രീയ പ്രമേയത്തിലൂടെ വീണ്ടും വാളോങ്ങുന്നതെന്നാണ് സൂചന. എം ടിയെയും കമലിനെയും കടന്നാക്രമിച്ച എ എന്‍ രാധാകൃഷ്ണന്റെ നിലപാടിനെ രാഷ്ട്രീയ പ്രമേയം പരോക്ഷമായി പിന്തുണക്കുന്നു. ഒപ്പം സി കെ പത്മനാഭനെതിരെയുള്ള താക്കീതും.
ക്രൈസ്തവ വിഭാഗങ്ങളെയും ദളിതുകളെയും കൂടെ നിര്‍ത്തി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനാണ് ബി ജെ പിയുടെ പുതിയ ശ്രമം. അതിന്റെ ഭാഗമായാണ് ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനായി വേദി തിരഞ്ഞെടുത്തതെന്ന വിലയിരുത്തലുമുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാനെ അരമനയിലെത്തി കുമ്മനം രാജശേഖരന്‍ ആശീര്‍വദിച്ചിരുന്നു.