Connect with us

Kerala

മുജാഹിദ് ഐക്യം പ്രഹസനമെന്ന്; രൂക്ഷ വിമര്‍ശവുമായി ഹുസൈന്‍ സലഫി

Published

|

Last Updated

വേങ്ങര(മലപ്പുറം): മൗലവി, മടവൂര്‍ വിഭാഗങ്ങളുടെ ഐക്യത്തെ രൂക്ഷമായി വിമര്‍ശിച്ച് മുജാഹിദ് പ്രഭാഷകന്‍ ഹുസൈന്‍ സലഫി. കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന വിസ്ഡം (ജിന്ന് ) വിഭാഗത്തിന്റെ വിശദീകരണ സമ്മേളനത്തിലാണ് ഇരു വിഭാഗവും വിശ്വസിച്ച് പ്രവര്‍ത്തിച്ച് വന്ന ആശയങ്ങളിലെ തീരുമാനങ്ങള്‍ തുറന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതുവരെ പരസ്പരം മുശ്‌രിക്കും കാഫിറുമാക്കി കവലകളില്‍ പ്രസംഗിക്കുകയും പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്തവര്‍ ഇപ്പോള്‍ വിശ്വാസപരമായി എന്ത് തീരുമാനത്തിലാണ് യോജിച്ചതെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കണം. മാരണത്തിന്റെ പേരില്‍ ഏറെ കലഹിച്ചു. മാരണത്തില്‍ കുഫ്‌റുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതി, സംഗീത ഉപയോഗം പാടില്ലെന്ന് മൗലവി വിഭാഗം പഠിപ്പിച്ചപ്പോള്‍ മറുവിഭാഗം സിനിമ വരെ ഇറക്കി, ലോക മുസ്‌ലിംകള്‍ പുണ്യമാണെന്ന് വിശ്വസിച്ച് പോന്ന സംസം തീര്‍ഥ ജലം മഴ വെള്ളം പോലെയെന്ന് സുല്ലമി പ്രചരിപ്പിച്ചപ്പോള്‍ മറു വിഭാഗം പുണ്യമുണ്ടെന്ന വാദത്തിലായിരുന്നു.

മരണ ശേഷം സ്വിറാത്ത് പാലം ഉണ്ടെന്ന് വിശ്വസിച്ച് പോന്നവരാണ് മൗലവി വിഭാഗവും. എന്നാല്‍ അന്ധവിശ്വാസമാണെന്നായിരുന്നു മറു വിഭാഗത്തിന്റെ നിലപാട്. കൂടാതെ നന്മ, തിന്മകള്‍ തൂക്കുന്ന തുലാസില്ല, ദജ്ജാലില്ല, ഖബറിലെ ശിക്ഷയില്ല, മുഹമ്മദ് നബിയുടെ കാലത്ത് ചന്ദ്രനെ പിളര്‍ത്തിയിട്ടില്ല തുടങ്ങിയ സുല്ലമി വിഭാഗത്തിന്റെ വാദങ്ങള്‍ ഐക്യപ്പെടലില്‍ എവിടെയാണ് നില്‍ക്കുന്നത്.കണ്ണേറ് പ്രവാചക ചരിത്രത്തില്‍ പഠിപ്പിച്ചതാണന്നിരിക്കെ കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ ഖുര്‍ആന്‍ സൂക്തം സംബന്ധിച്ച് കെ എന്‍ എമ്മിന്റെ പാഠപുസ്തകത്തില്‍ പോലും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അത് അന്ധവിശ്വാസമാണെന്ന് മറു വിഭാഗം പ്രചരിപ്പിച്ചു. ഇത്രയുമധികം ആശയ വ്യതിയാനമുള്ള ഇരു വിഭാഗത്തിന്റെയും ഐക്യപ്പെടലോടെ പുതിയ ആദര്‍ശം വ്യക്തമാക്കണമെന്ന് സലഫി ആവശ്യപ്പടുന്നു. പിളര്‍പ്പിന് ശേഷവും മൗലവി വിഭാഗത്തിന്റെ ആവേശ പ്രഭാഷകനും പ്രവാസി സലഫികളുടെ ഉസ്താദുമായി അറിയപ്പെട്ടിരുന്ന ഹുസൈന്‍ സലഫി ജിന്ന് വിഭാഗം വിസ്ഡം രൂപവത്കരിച്ച ശേഷം ഇവരുടെ പക്ഷത്താണ് നിലകൊള്ളുന്നത്. ഇരു വിഭാഗം മുജാഹിദുകളും ലയിച്ചശേഷം അടിസ്ഥാനപരമായുള്ള വ്യതിയാനങ്ങളെ കുറിച്ച് നേതാക്കള്‍ക്ക് ഇതുവരെ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest