Connect with us

National

നോട്ട് നിരോധനം പ്രതിസന്ധിയുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കിയെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കുറ്റസമ്മതം. നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ ഇന്നലെ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ നോട്ട് നിരോധന നടപടിയിലെ വീഴ്ച തുറന്ന് സമ്മതിച്ചത്. എന്നാല്‍, പ്രതിസന്ധി ഉടന്‍ തീരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, നോട്ട് നിരോധനത്തെ തുടര്‍ന്ന് നഗരങ്ങളിലുണ്ടായ കറന്‍സി പ്രതിസന്ധി ഒരളവ് വരെ പരിഹരിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു. ഗ്രാമങ്ങളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പറഞ്ഞു.
ബേങ്കുകളില്‍ ആവശ്യത്തിന് പണമെത്തുന്നുണ്ടെന്ന് റിസര്‍വ് ബേങ്ക് ഉറപ്പ് വരുത്തുന്നുണ്ട്. രാജ്യത്ത് പണമൊഴുക്ക് വൈകാതെ പഴയ സ്ഥിതിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നോട്ട് നിരോധനം നടപ്പിലാക്കുന്നതില്‍ വിഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിച്ചിരുന്നു. അതേസമയം, നിരോധനത്തിന് ശേഷം വിവിധ ബേങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എത്ര, ബേങ്കിംഗ് സംവിധാനം പഴയ രീതിയിലേക്ക് വരാന്‍ എത്ര സമയമെടുക്കും തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ഉത്തരം നല്‍കിയില്ല.
നോട്ട് അസാധുവാക്കിയതിന് ശേഷം ബേങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുമായി ബന്ധപ്പെട്ട് ബേങ്കുകള്‍ നല്‍കിയ കണക്കില്‍ വ്യത്യാസമുണ്ട്. തിരിച്ചെത്തിയ തുകയേക്കാള്‍ കൂടുതല്‍ തുകയാണ് ബേങ്കുകള്‍ റിസര്‍വ് ബേങ്കിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് കണക്കില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ കാരണം. ഇതേക്കുറിച്ച് സാമ്പത്തിക വിഭാഗം ഇന്റലിജന്‍സും ആദായ നികുതി വകുപ്പും ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.
രാജ്യത്ത് വിനിമയത്തിലിരുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ രാജ്യത്തെ എണ്‍പത് ശതമാനത്തോളം പണം അസാധുവായതിന്റെ ആഘാതം അടുത്ത കുറച്ചുകാലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിലവാരത്തില്‍ പ്രതിഫലിക്കും. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതിന്റെ ഗുണം ലഭിക്കും. ഇതോടൊപ്പം ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുമ്പോള്‍ പ്രധാന പോരായ്മയായി ഉയര്‍ത്തിക്കാട്ടുന്ന പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് കുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ബേങ്കുകളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ന്യായീകരണമായി ഉയര്‍ത്തിയ കള്ളനോട്ടിന് തടയിടുകയെന്ന വാദത്തെ പി എ സി അംഗങ്ങള്‍ ഖണ്ഡിച്ചു. അസാധുവാക്കിയതിലൂടെ കള്ളനോട്ടിന് തടയിടാനായിട്ടില്ലെന്ന് വാദിച്ച പി എ സിയിലെ പ്രതിപക്ഷ അംഗങ്ങളിലൊരാള്‍ രണ്ടായിരം രൂപയുടെ കള്ളനോട്ട് റിസര്‍വ് ബേങ്ക് ഗവര്‍ണറെ കാണിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ എം പി നരേഷ് അഗര്‍വാളാണ് ഗവര്‍ണറെ കള്ളനോട്ട് കാണിച്ചത്. പി എ സി അംഗങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ വിഷമിച്ചപ്പോള്‍ സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിന്റ ഇടപെടലാണ് അദ്ദേഹത്തിന് ആശ്വാസമായത്.