Connect with us

National

100 കോടിയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം: സാക്കിര്‍ നായിക്കിനെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: 100 കോടി രൂപക്ക് മുകളിലുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് സലഫി പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി നീക്കം തുടങ്ങി. ബന്ധുക്കളുടേത് ഉള്‍പ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട 78 ബേങ്ക് അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സാക്കിര്‍ നായിക്കിന്റെ സഹോദരി നൈല നൗശാദ് നൂറാനി ഉള്‍പ്പെടെ 20 ഓളം സഹായികളെ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ ചോദ്യം ചെയ്തിരുന്നു. ബേങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് പുറമെ ഇന്‍കം ടാക്‌സ് നികുതികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനായി സാക്കിര്‍ നായിക്കിനെ നേരിട്ട് വിളിച്ചു വരുത്തുമെന്നും എന്‍ ഐ എ അധികൃതര്‍ അറിയിച്ചു.
ഡോ. സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധമേര്‍പ്പെടുത്തുകയും, യു എ പി എ പ്രകാരം കേസെടുക്കുകയും ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സംഘടന ഡല്‍ഹി ഹൈക്കോടതിയിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹരജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതി തങ്ങള്‍ക്ക് ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

 

Latest