Connect with us

Kerala

ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത നാട്ടില്‍ 'വൈ കാറ്റഗറി' സുരക്ഷ വേണ്ട: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്കും സുരക്ഷ വേണ്ടെന്ന കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് കേന്ദ്രത്തോട് ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം മുന്നൊരുക്കങ്ങള്‍ നടത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുകൂല തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷയാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തിടയില്‍ കേരളത്തിലെ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ 400ലേറെ ആക്രമണം ഉണ്ടായതായാണ് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്.

വിഐപി, വിവിഐപി വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന രണ്ട് സമിതികളാണ്. പ്രൊട്ടക്ഷന്‍ റിവ്യൂ ഗ്രൂപ്പ്, സെക്യൂരിറ്റി കാറ്റഗറൈസേഷന്‍ കമ്മിറ്റി എന്നിവയാണ് ഇക്കാര്യം തീരുമാനിക്കാനുള്ള സമിതികള്‍. രണ്ട് കമ്മറ്റികളെയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിലുണ്ട്. രാജ്യത്താകെ 300 ഓളം വ്യക്തികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്. സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോതിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവിഭാഗങ്ങളാണ് ഇവര്‍ക്കെല്ലാം സുരക്ഷ നല്‍കുന്നത്. ഇതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബിലെ നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര ഇതേ രീതിയില്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

Latest