Connect with us

Wayanad

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നീലഗിരിയിലും പ്രക്ഷോഭം

Published

|

Last Updated

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ധര്‍ണ

ഗൂഡല്ലൂര്‍: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നീലഗിരി ജില്ലയില്‍ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചിരുന്നു. പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താറുള്ളത്. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. കോളജ് വിദ്യാര്‍ഥികളും ചലചിത്രതാരങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രക്ഷോഭം ശക്തമായതോടെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഈമാസം 23വരെ കോളജുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. പ്രക്ഷോഭം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ നീലഗിരിയില്‍ പ്രധാന നഗരങ്ങളില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷമായി തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടക്കുന്നില്ല. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ ഇന്നലെ കോളജ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. ഗൂഡല്ലൂര്‍ ഗവ. കോളജ് വിദ്യാര്‍ഥികളാണ് ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ സമരം നടത്തിയത്. എട്ട് വിദ്യാര്‍ഥിനികളടക്കമുള്ള 200ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അത്‌പോലെ ഊട്ടിയിലും കോത്തഗിരിയിലും സമാനമായ സമരങ്ങള്‍ നടന്നു. കേത്തിയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഊട്ടി ബസ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. വിവരമറിഞ്ഞ് കോളജ് പ്രിന്‍സിപ്പല്‍ ജോണ്‍ ഓറല്‍ ഭാസ്‌കര്‍, എസ് ഐ മഹേശ് എന്നിവര്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. കോത്തഗിരി ബസ്റ്റാന്‍ഡില്‍ സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. പന്തല്ലൂരില്‍ നാംതമിഴര്‍ കക്ഷിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മോഹന്‍ദാസ്, കേദീശ്വരന്‍, കാമരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest