Connect with us

Gulf

ചലഞ്ച് 22 രണ്ടാം പതിപ്പിന് ലഭിച്ചത് പത്ത് അറബ് രാഷ്ട്രങ്ങളില്‍ നിന്ന് 900 എന്‍ട്രികള്‍

Published

|

Last Updated

ദോഹ: നൂതന ശാസ്ത്ര ഗവേഷണ കണ്ടുപിടിത്തത്തിനും സംരംഭത്തിനും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) ഏര്‍പ്പെടുത്തിയ ചലഞ്ച് 22ന്റെ രണ്ടാം പതിപ്പിലേക്ക് അപേക്ഷകരുടെ പ്രളയം. പത്ത് അറബ് രാഷട്രങ്ങളില്‍ നിന്ന് 900 ഗവേഷകരും സംരംഭകരുമാണ് എന്‍ട്രി അയച്ചത്. ഈജിപ്ത്, സഊദി അറേബ്യ, ഖത്വര്‍ എന്നിവയാണ് അപേക്ഷകരില്‍ മുന്നിലുള്ളത്. യഥാക്രമം 236, 232, 116 അപേക്ഷകളാണ് ഈ രാഷ്ട്രങ്ങളില്‍ നിന്ന് ലഭിച്ചത്.
2022ലെ ഖത്വര്‍ ഫിഫ ലോകകപ്പ് സംഘാടനത്തിന് നൂതന ആശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനുമായി ഗവേഷകരെയും സംരംഭകരെയും ആകര്‍ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകകപ്പിന് പുറമെ മറ്റ് പ്രധാന പരിപാടികള്‍ സംഘടിപ്പിക്കാനും അറബ് സമൂഹങ്ങളില്‍ സുസ്ഥിര സ്വാധീനം സൃഷ്ടിക്കാനും ഇത് ഉപകരിക്കും. 87 അപേക്ഷകളുമായി മൊറോക്കോയാണ് നാലാമത്. ജോര്‍ദാനില്‍ നിന്ന് 79ഉം ടുണീഷ്യയില്‍ നിന്ന് 52ഉം യു എ ഇയില്‍ നിന്ന് 49ഉം ഒമാനില്‍ നിന്ന് 33ഉം ബഹ്‌റൈനില്‍ നിന്ന് 29ഉം കുവൈത്തില്‍ നിന്ന് 24ഉം അപേക്ഷകളാണ് ലഭിച്ചത്. നാല് വിഭാഗങ്ങളിലായാണ് മത്സരമുള്ളത്. ടൂറിസം എക്‌സ്പീരിയന്‍ വിഭാഗത്തില്‍ 308 അപേക്ഷകളാണ് ലഭിച്ചത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സില്‍ 269ഉം സസ്റ്റയ്‌നബിലിറ്റിയില്‍ 217ഉം ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയില്‍ 143ഉം അപേക്ഷകള്‍ ലഭിച്ചു.
പത്ത് അറബ് രാഷ്ട്രങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇത് വളരെ സന്തോഷപ്രദമാണെന്നും ചലഞ്ച് 22 പ്രൊജക്ട് മാനേജര്‍ അഹ്‌സന്‍ മന്‍സൂര്‍ പറഞ്ഞു. മേഖലയില്‍ നൂതനാശയത്തിനും കണ്ടുപിടുത്തത്തിനും നല്ല വളക്കൂറുണ്ടെന്ന് ഇത് തെളിയിക്കുന്നു. യുവതലമുറ നൂതനാശയങ്ങളില്‍ ഏറെ താത്പര്യപ്പെടുകയും ചെയ്യുന്നുണ്ട്. രണ്ടാം റൗണ്ടിലെത്തിയ ടീമുകളുടെ പേരുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. ലഭിച്ച നിര്‍ദേശങ്ങള്‍ വിശദമായി പുനഃപരിശോധിക്കും. രണ്ടാം റൗണ്ട് മൂല്യനിര്‍ണയത്തിന് സമര്‍പ്പിക്കുന്നതിന് മുമ്പായി മാര്‍ച്ച് ഏഴ് വരെ അപേക്ഷകള്‍ നവീകരിക്കാന്‍ സാഹചര്യമുണ്ടാകും. അതിന് ശേഷം ഫൈനലിലെത്തിയവരെ പ്രഖ്യാപിക്കും. ഫൈനല്‍ റൗണ്ടില്‍ കടന്നവര്‍ ദോഹയില്‍ വന്ന് ആശയങ്ങള്‍ വിശദീകരിക്കണം. തുടര്‍ന്നാണ് അന്തിമ വിജയികളെ പ്രഖ്യാപിക്കുക. ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട്, വംദ, ദ മസാച്യുസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രൈസ് ഫോറം പാന്‍ അറബ്, ഫേസ്ബുക്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് രണ്ടാം പതിപ്പ് തുടങ്ങിയത്. ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്, ഖത്വര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക്, ഖത്വര്‍ എയര്‍വേയ്‌സ്, ആസ്‌ട്രോലാബ്‌സ്, എഫ് സ്റ്റാര്‍ട്ട് തുടങ്ങി ഇരുപതിലേറെ പങ്കാളികളുമുണ്ട്.

---- facebook comment plugin here -----

Latest