Connect with us

Gulf

വേഗത പരിധി വിട്ടാല്‍ റഡാറില്‍ കുടുങ്ങും: പോലീസ്

Published

|

Last Updated

അബുദാബി: ദേശീയപാതകള്‍ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ അബുദാബിയില്‍ നിന്നും അല്‍ ഐനിലേക്കും സിലയിലേക്കുമുള്ള ദേശീയപാതകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുകയും ട്രാഫിക് പോലിസ് പട്രോളിംഗ് വാഹനങ്ങള്‍ വിന്യസിക്കുകയും ചെയ്യുമെന്ന് അബുദാബി പോലീസ് ട്രാഫിക് ഡയറക്ടറേറ്റ്. എമിറേറ്റില്‍ ഏറ്റവും അപകടകരമായ10 റോഡുകളില്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചതായും ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്യാമറ സ്ഥാപിക്കുന്നതിന് പുറമെ ട്രാഫിക് പോലീസിന്റെ നിരീക്ഷണവും ഒരുക്കുമെന്ന് അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു. എമിറേറ്റിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിര റഡാറുകള്‍ സ്ഥാപിക്കുന്നതിന് പുറമെ പുതിയ മൊബൈല്‍ ക്യാമറകള്‍ ഒരുക്കുമെന്നും ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അബ്ദുല്ല അല്‍ ശിഹി അറിയിച്ചു. വാഹനസഞ്ചാരികളുടെ സ്വഭാവം നിരീക്ഷിക്കാന്‍ പ്രദേശത്ത് ട്രാഫിക് പോലീസിന്റെ പട്രോളിംഗ് ഒരുക്കും. അദ്ദേഹം പറഞ്ഞു.
പോലീസിന്റെ വെബ്‌സൈറ്റ് വഴി നവമാധ്യമങ്ങളിലൂടെ റോഡിലെ മൊബൈല്‍ റഡാറുകളുടെ സ്ഥാനം പരിശോധിക്കാനാകും. എന്നാല്‍ നിലവിലെ റോഡിലെ വേഗപരിധികള്‍ക്ക് മാറ്റില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്‍ ദഫ്‌റ പാലം മുതല്‍ ബൈനൂന ഫോറസ്റ്റ് വരെ ചെറിയ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററാണ് വേഗപരിധി, എന്നാല്‍ വേഗത 121ല്‍ കൂടിയാല്‍ റഡാര്‍ പിടിച്ചെടുക്കും. ബൈനൂന ഫോറസ്റ്റ് മുതല്‍ ബറക്ക മേഖല വരെ 120 ആണ് കിലോമീറ്റര്‍ വേഗത. എന്നാല്‍ വേഗത 141 കടന്നാല്‍ റഡാറില്‍ പതിയും. അല്‍ ബറക മുതല്‍ അല്‍ ഗുവൈഫാത് വരെ കിലോമീറ്ററില്‍ 100 വേഗത നിശ്ചയിച്ചിട്ടുള്ളത്. 121 ആയാല്‍ റഡാറില്‍ പതിയും. എന്നാല്‍ എല്ലാ റോഡുകളിലും ബസുകളുടെ വേഗപരിധി 100ഉം ട്രക്കുകളുടെ വേഗതാപരിധി 80മാണെന്ന് ബ്രിഗേഡിയര്‍ അല്‍ ശിഹി പറഞ്ഞു.

Latest