Connect with us

National

ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മുന്‍ നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. ബിസിസിഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ത്ഗി ആവശ്യപ്പെട്ടത്.

ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി മലക്കം മറിഞ്ഞത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് വിപുലമായ ചര്‍ച്ച വേണമെന്നും അതിനാല്‍ കേസ് വിശാല ബെഞ്ചിനു വിടണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

അതിനിടെ ബിസിസിഐയുടെ പുതിയ ഭരണസമിതിയിലേക്ക് അമിക്കസ്‌ക്യൂറി ഒമ്പത് പേരുടെ പട്ടിക സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് സമിതി അംഗങ്ങളുടെ പേര് അമിക്കസ്‌ക്യൂറി സമര്‍പ്പിച്ചത്. അമിക്കസ് ക്യൂറി നിര്‍ദേശിച്ച അംഗങ്ങളുടെ കാര്യത്തില്‍ ഈ മാസം 24ന് അന്തിമ തീരുമാനം പറയുമെന്ന് സുപ്രീം കോടതി പറഞ്ഞു.

അമിക്കസ് ക്യൂറി സമര്‍പ്പിച്ച ഒമ്പത് അംഗങ്ങളുടെ ഭരണസമിതി വലുതാണെന്ന് കോടതി പറഞ്ഞു. പട്ടികയില്‍ എഴുപത് വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയെ കോടതി അതൃപ്തി അറിയിച്ചു. പട്ടികയിലുള്ളവരുടെ പേര് പുറത്തു വിടരുതെന്നും സുപ്രീം കോടതി അമിക്കസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കി.

Latest