Connect with us

Gulf

മാധ്യമ പ്രവർത്തകർക്ക് പിന്തുണ കിട്ടാത്തത് അഹന്ത കൊണ്ടെന്ന് നികേഷ് കുമാർ

Published

|

Last Updated

ജിദ്ദ: കേരളത്തിലെ അഭിഭാഷകര്‍ ഏകപക്ഷീയമായി പത്രപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം അഴിച്ചിവിട്ടിട്ടും പത്രപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് അവരുടെ അഹന്ത കൊണ്ടാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി എം.ഡിയുമായ എം.വി നികേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങള്‍ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിരുന്നു. അതിന്‍റെ ഫലമായാണ് വനിതാ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ക്രൂരമായ അതിക്രമം ഉണ്ടായിട്ടും ജനങ്ങളതേറ്റെടുക്കാതിരുന്നതെന്നും ഇതു തിരിച്ചറിയാന്‍ പത്രപ്രവര്‍ത്തകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏതു പ്രത്രപവകര്‍ക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വിവാദ കേസില്‍ കോഴിക്കോട് പ്രത്യക്ഷപ്പെട്ട ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയില്‍ കാണിച്ചത് തെറ്റായിരുന്നു. ഇന്ന് അതു കാണിക്കുന്നതിനെതിരെ നിയമമുണ്ട്. അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇരയുടെ കുഞ്ഞിനെയെങ്കിലും മറച്ചുവേണമായിരുന്നു കാണിക്കേണ്ടിയിരുന്നത്. അതില്‍ തെറ്റു സംഭവിച്ചതില്‍ ഖേദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസില്‍ തന്‍റെ നിലപാടില്‍ ഒരു തെറ്റും ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ അപ്പപ്പോള്‍ മനസിലാക്കാന്‍ ഒട്ടേറെ ഉപാധികളുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ സഹായകമായവയാണിവ. അതുവെച്ച് വിലയിരുത്തി തന്നെയായിരുന്നു സോളാര്‍ കേസിനു പിന്നാലെ പോയത്. ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അപ്പോള്‍ യാഥാര്‍ഥ്യം എന്തായാലും ബോധ്യമാവുമെന്നും തന്‍റെ നിലപാടിലെ ശരി അന്നു മനസിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോര്‍പറേറ്റ്വല്‍ക്കരണമാണ്. പ്രാദേശിക മാധ്യമങ്ങള്‍ പോലും കോര്‍പറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണ്. അധികാര സ്ഥാനത്തുള്ളവര്‍ക്കുവേണ്ടി ഏതു തെറ്റും മറച്ചുവെച്ചും കുറ്റകൃത്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയുമുള്ള പ്രവണതക്ക് കോര്‍പറേറ്റ് ആധിപത്യം ആക്കം കൂട്ടും. ഇക്കാര്യത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരാണ് കുറച്ചെങ്കിലും മാന്യത പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് പോകുന്ന കാലം അതിവിദൂരമല്ല. ഡിജിറ്റല്‍ ഫോര്‍മാറ്റെന്നാല്‍ ടെലിവിഷനുകള്‍ പിന്നോട്ടും പത്രം മുന്നോടും പോയുള്ള മാറ്റമാണ്. ടെലിവിഷന്‍ വാര്‍ത്തകളോട് 90 കളില്‍ ഉണ്ടായിരുന്നതുപോലുള്ള ആര്‍ത്തി ഇന്നാര്‍ക്കുമില്ല. സാമ്പ്രദായിക രീതികള്‍ മാറുകയാണ്. അറിയാനുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ വിലവിധ മാര്‍ഗങ്ങള്‍ ഉണ്ടായപ്പോഴാണ് ഈ മാറ്റം വന്നത്. അനുമിഷം മാറുന്ന ഫോര്‍മാറ്റുകള്‍ക്കെ ഇനി നിലനില്‍പുള്ളൂ.

നോട്ട് റദ്ദാക്കല്‍ ജനങ്ങളെ വലച്ചുവെങ്കിലും പണത്തിന്‍റെ വില മനസിലാക്കാന്‍ അതു സഹായിച്ചു. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്‍റെ വിലയറിയാതെ കേരളത്തിലുള്ളവര്‍ ധൂര്‍ത്തിലും അഡംബരത്തിലും അഭിരമിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനിടെയുണ്ടായ നോട്ട് റദ്ദാക്കല്‍ പണത്തിന്‍റെ വിലയറിയാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിലും അതു അധികാരികളുടെ മുന്നില്‍ എത്തിക്കുന്നതിലും കേരളത്തിലെ പത്രപ്രവര്‍ത്തകരേക്കാള്‍ ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചെവെക്കുന്നത്. വിദേശ രാജ്യത്തായിരുന്നിട്ടും മലയാളികളുടെ കൂട്ടായ്മകളും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ മാധ്യമങ്ങളുമെല്ലാം മറ്റു രാജ്യക്കാര്‍ക്ക് അതിശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താവതാരകന്‍, അല്ലെങ്കില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നയാള്‍ എന്ന നിലയില്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടില്ല. അതേ സമയം തന്‍റെ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ ടെലിവിഷന്‍ ഷോകളുമായി താമസിയാതെ രംഗത്തുവരുമെന്ന് നികേഷ്കുമാര്‍ വെളിപ്പെടുത്തി.

നികേഷുമായി നടത്തിയ സൗഹൃദ അഭിമുഖത്തിൽ മീഡിയാ ഫോറം അംഗങ്ങളായ ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, കെ ടി എ മുനീർ, അബ്ദുറഹിമാൻ വണ്ടൂർ, നാസർ കരുളായി, ശരീഫ് സാഗർ, സി കെ ശാക്കിർ, ഹാശിം കോഴിക്കോട്, മുസ്തഫ പെരുവള്ളൂർ, ഹനീഫ ഇയ്യാംമടക്കൽ, പികെ. സിറാജുദ്ദീൻ, നിയാസ്, കെബീർ കൊണ്ടോട്ടി, നിഷാദ് അമീൻ, ശിവൻ പിള്ള, എംഡി ശുഐബ് എന്നിവർ പങ്കെടുത്തു. മീഡിയാ ഫോറത്തിന്റെ ഉപഹാരം ഫോറം ഭാരവാഹികൾ നികേഷിന് സമർപ്പിച്ചു. ഫോറം പ്രസിഡന്‍റ് പി.എം. മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ സുള്‍ഫീക്കര്‍ ഒതായി നന്ദിയും പറഞ്ഞു.

Latest