Connect with us

Ongoing News

'ഈട നിന്നാ മതി ആടംബര ബസ് കിട്ടും' കണ്ണൂരിനെ 'കണ്ടൂടാത്ത' ട്രോളര്‍മാര്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ഭാഷയുടെ മേക്കിട്ട് കേറുകയാണ് കലോത്സവ ട്രോളര്‍മാര്‍. കലോത്സവം കണ്ണൂരില്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ കളിയാക്കല്‍. എന്തായിപ്പോ ഇത്ര കളിയാക്കാന്‍. ബസ് സ്റ്റാന്റില്‍ എത്തിയ മത്സരാര്‍ഥി കലോത്സ വേദിയിലേക്ക് ബസ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഈട നിന്നാ മതി ആടംബര ബസ് ഉണ്ട് എന്ന് പറയുന്ന ഒരു ട്രോള്‍ സൂപ്പര്‍ ഹിറ്റായി മാറി.
ചിലരാകട്ടെ കണ്ണൂര്‍ കലോത്സവത്തിന് പോകുന്നവര്‍ അവിടത്തെ ഭാഷ കേട്ട് ഞെട്ടി പോകാതിരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ചില പദങ്ങളും അവയുടെ അര്‍ഥങ്ങളും വിശദീകരിച്ച് കൊടുത്തിട്ടുമുണ്ട്. നടന്നൂട്, പീടിയ, ബന്നൂട്, ബേത്തില്, ഏടയാ, ഞമ്മള്, മോന്തി, കായി, ബെള്ളം, കൊയംബ്, പാച്ചല്, മാച്ചില്…. തുടങ്ങി നിരവധി വാക്കുകളാണ് അന്യ ജില്ലക്കാരുടെ അടിയന്തര ശ്രദ്ധക്കായി ട്രോളര്‍മാര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിയത്.
കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ വന്നപ്പോള്‍ വീണ്ടും ഇര കിട്ടിയ സന്തോഷത്തിലാണ് ട്രോളര്‍മാര്‍.കലോത്സവും കണ്ട് തലശേരി ബിരിയാണിയും കഴിച്ച് അങ്ങിനെ സ്ഥലം വിടാമെന്ന് കരുതിയോ കണ്ണൂരിന്റെ ഹര്‍ത്താലും കൂടി അനുഭവിച്ചിട്ട് പോയാ മതി മക്കളെയെന്നായിരുന്നു ഒരു കമന്റ്.
മിക്കവാറും ഈ വര്‍ഷത്ത കിരീടം കണ്ണൂരിനായിരിക്കും, മറ്റ് ജില്ലക്കാര്‍ പേടിച്ച് സ്ഥലം വിട്ട് കാണും എന്നായിരുന്നു മറ്റൊരു ട്രോള്‍. സന്തോഷമായി ലോകത്താദ്യമായി എല്ലാ ജില്ലക്കാരും ഒരു ജില്ലയില്‍ വന്ന് ഹര്‍ത്താല്‍ ആഘോഷിച്ചുവെന്നാണ് വേറൊരു ട്രോള്‍. കലോത്സവം തുടങ്ങി സമാപനത്തിലേടക്കുമ്പോഴും കണ്ണൂരുകാരെ കുറിച്ചുള്ള പരദൂഷണം ട്രോളര്‍മാര്‍ നിര്‍ത്തുന്നില്ല.