Connect with us

International

ഒബാമാ കെയര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ട്രംപ് ഉത്തരവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ഒബാമാ കെയര്‍ പദ്ധതി നിര്‍ത്തി. അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിക്കും എന്നത്. പുതിയ ഉത്തരവോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദേശം നല്‍കി.

ഒബാമാ ഭരണത്തിന്റെ മുഖമുദ്രയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഒബാമാ കെയര്‍. പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതേക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും പിന്നീട് ട്രംപ് ഒപ്പുവെച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നായിരുന്നു അമേരിക്കയുടെ 45മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

---- facebook comment plugin here -----

Latest