Connect with us

Gulf

ഷാര്‍ജ മാരത്തോണ്‍; 5000 പേര്‍ പങ്കെടുക്കും

Published

|

Last Updated

ഷാര്‍ജ: ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്ന് നടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആര്‍ത്രൈറ്റിസ് പേഷ്യന്‍സ് അസോസിയേഷന്‍ മരത്തോണില്‍ 5000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. ഷാര്‍ജ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സ്, ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഷാര്‍ജ പോലീസ് എന്നിവയുമായി സഹകരിച്ചാണ് ആര്‍ത്രൈറ്റിസ് രോഗത്തെ കുറിച്ച് പൊതുജനത്തിനിടയില്‍ ബോധവല്‍കരണം നടത്തുന്നതിന് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ഭാവി നിങ്ങളുടെ കൈകളില്‍ എന്നാണ് മാരത്തോണ്‍ പ്രമേയം. ഷാര്‍ജ അല്‍ മംസാര്‍ ബീച്ചില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. എട്ട് കിലോമീറ്റര്‍ ദൂരം പിന്നിടുന്ന മാരത്തോണില്‍ നാല് വ്യത്യസ്ത പ്രായ പരിധിയിലുള്ളവരാണ് പങ്കാളികളാകുന്നത്. രോഗ ലക്ഷണങ്ങളെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും ജനങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. രോഗികള്‍ക്ക് കൂടുതല്‍ മാനസിക പിന്തുണ നല്‍കുന്നതിനും സാമ്പത്തിക ചിലവുകള്‍ക്കാവശ്യമായ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുമാണ് മാരത്തോണിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി മേധാവി വഹീദ അബ്ദുല്‍ അസീസ് പറഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരുടെ സഹകരണം ഞങ്ങള്‍ ആവശ്യപെടുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബോധവല്‍കരണ പരിപാടി കൂടുതല്‍ പേരിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം, അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും കുടുംബങ്ങള്‍, ഉന്നത വ്യക്തികള്‍ തുടങ്ങിയവരും മാരത്തോണിന്റെ ഭാഗമാകും. വിജയികള്‍ക്ക് കാഷ് പ്രൈസുകളും മറ്റ് സമ്മാനങ്ങളും നല്‍കും.