Connect with us

Sports

ബി സി സി ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ബി സി സി ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നേരത്തെ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയാണ് ബി സി സി ഐക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.
ബി സി സി ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടത്.

അതേസമയം ബി സി സി ഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ബി സി സി ഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി നിലപാട് മാറ്റിയിരിക്കുന്നത്.
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് വിപുലമായ ചര്‍ച്ച വേണമെന്നും അതിനാല്‍ കേസ് വിശാല ബെഞ്ചിന് വിടണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ബി സി സി ഐ തലപ്പത്തേക്ക് ഒമ്പതു പേരുടെ പട്ടിക അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് സമിതി അംഗങ്ങളുടെ പേര് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്.
എന്നാല്‍ പേരുകള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി നിര്‍ദേശിച്ച അമിക്കസ് ക്യൂറി നിര്‍ദേശിച്ച അംഗങ്ങളുടെ കാര്യത്തില്‍ ഈ മാസം 24ന് അന്തിമ തീരുമാനമെടുക്കും.
എന്നാല്‍ പട്ടികയില്‍ എഴുപത് വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറിയെ അതൃപ്തി അറിയിക്കുകയും ചെയ്തു.

 

Latest