Connect with us

Kozhikode

മൊബൈല്‍ കടയില്‍ കവര്‍ച്ച: കുട്ടി മോഷ്ടാക്കള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: മൊബൈല്‍ ഷോപ്പില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണും റീചാര്‍ജ് കൂപ്പണുകളും മോഷ്ടിച്ച കേസില്‍ മൂന്ന് കുട്ടികള്‍ അറസ്റ്റില്‍. പറമ്പില്‍ ബസാറിലെ 4ജി മൊബൈല്‍ എന്ന ഷോറൂമിന്റെ ഷട്ടറുകള്‍ തകര്‍ത്ത് 15 മൊബൈല്‍ ഫോണുകളും 35000 രൂപയും 13000 രൂപയുടെ റീചാര്‍ജുകളും മോഷ്ടിച്ച കേസിലാണ് മൂന്ന് കുട്ടികളെ ചേവായൂര്‍ എസ് ഐ ഷാജഹാന്റെയും നടക്കാവ് സി ഐ ടി കെ അശ്‌റഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും പണത്തിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് കുട്ടികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

പറമ്പില്‍ പള്ളിയില്‍ നേര്‍ച്ച നടന്ന കഴിഞ്ഞ 11ന് പുലര്‍ച്ചക്കായിരുന്നു മോഷണം. നേര്‍ച്ചക്ക് വന്ന ആരങ്കിലുമായിരിക്കും മോഷണം നടത്തിയതെന്ന് പോലീസ് കരുതുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നേ ദിവസം തിരഞ്ഞെടുത്തത്. വീട്ടില്‍ എല്ലവരും ഉറങ്ങിക്കിടക്കവേ മോഷ്ടാക്കളില്‍ ഒരാള്‍ രക്ഷിതാവിന്റെ ബൈക്ക് എടുത്ത് മറ്റ് രണ്ട് പേരെയും കൂട്ടിയ ശേഷം കടക്ക് മുന്നിലെത്തുകയും ഹാമര്‍ ഉപയോഗിച്ച് കടയുടെ മൂന്ന് പൂട്ടുകളും പൊളിച്ച ശേഷം അകത്ത് കടക്കുകയുമായിരുന്നു. മോഷണം നടത്തിയ മൊബൈല്‍ ഫോണുകള്‍ കുറച്ച് വില്‍പ്പന നടത്തിയ ശേഷം ബാക്കിയുള്ള വീടിനടുത്തുള്ള വാഴതോട്ടത്തില്‍ ഒളിപ്പിച്ചുവെക്കുകയുമായിരുന്നു. മോഷണം നടത്തിയ റീച്ചാര്‍ജ് കൂപ്പുകള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും പണം മാളുകളില്‍പോയി വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങിയും മറ്റും തീര്‍ക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടികളെ വലയിലാക്കിയത്. ഇവരില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ ചേവായൂര്‍ സ്റ്റേഷനിലെ എ എസ് ഐമാരായ മുഹമ്മദലി, ഉദയ ഭാസ്‌ക്കര്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, എം മുഹമ്മദ് ഷാഫി, എം സജി, ടി പി ബിജു, ടി ജി രണ്‍ദീര്‍, കെ അഖിലേഷ് പങ്കെടുത്തു.